breaking news New

ശബരിമല കയറ്റത്തിനിടെ ക്ഷീണമകറ്റാൻ ഔഷധജലം ; രുചിയും സുഗന്ധവും പകരുന്ന ദേവസ്വം ബോർഡിന്റെ കരുതൽ : കൗണ്ടറുകളിൽ തിരക്കേറുന്നു

ശബരിമല: കഠിനമായ ശരണവഴികൾ താണ്ടിയെത്തുന്ന അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമായി ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണം. കാനനപാതയിലൂടെ ദീർഘദൂരം നടന്നെത്തുമ്പോൾ ദാഹവും ക്ഷീണവും അനുഭവപ്പെടുന്ന തീർത്ഥാടകർക്ക് ഔഷധജലം പുത്തൻ ഉന്മേഷമാണ് പകരുന്നത്. ഇതോടെ ഔഷധ കുടിവെള്ള വിതരണ കൗണ്ടറുകളിൽ ഭക്തരുടെ തിരക്കും വർധിക്കുകയാണ്.

ദാഹമകറ്റുന്നതിനൊപ്പം മലകയറ്റത്തിന്റെ ക്ഷീണത്തിന് ആശ്വാസം നൽകുന്ന ഔഷധജലത്തിന്റെ പ്രത്യേക രുചിയും ഗുണങ്ങളും തീർത്ഥാടകർക്ക് കൗതുകമാകുന്നു. മലയാളികൾക്കുപോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഈ ഔഷധക്കൂട്ടിന്റെ ചേരുവകൾ അറിയാൻ ഇതരസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായി എത്തുന്നത്.

ഔഷധജലത്തിന്റെ ചേരുവകൾ അന്വേഷിച്ച് വിവിധ ഭാഷകളിൽ ഭക്തർ ജീവനക്കാരെ സമീപിക്കുന്നത് പലപ്പോഴും ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട്. ഇതിന് പരിഹാരമായി വെള്ളത്തിന്റെ ചേരുവകൾ കൗണ്ടറുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ കരാറുകാരൻ തീരുമാനിച്ചിട്ടുണ്ട്.

ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് ഔഷധ കുടിവെള്ളം തയ്യാറാക്കുന്നത്. വെള്ളത്തിന് ആകർഷകമായ നിറം നൽകുന്നത് ഔഷധഗുണമുള്ള പതിമുഖമാണ്. രുചിയും ഔഷധഗുണവും പകരാൻ ചുക്ക് സഹായിക്കുന്നു. സുഗന്ധത്തിനൊപ്പം ചെറുചൂടോടെ കുടിക്കുമ്പോഴും ഉള്ളിലെത്തുമ്പോൾ കുളിർമ അനുഭവപ്പെടുത്തുന്ന പ്രത്യേകതയാണ് രാമച്ചത്തിനുള്ളതെന്നും ജീവനക്കാർ വിശദീകരിക്കുന്നു.

ഓരോ ദിവസവും വെള്ളം തയ്യാറാക്കാൻ ആവശ്യമായ ഔഷധക്കൂട്ടുകൾ ദേവസ്വം ബോർഡ് ലഭ്യമാക്കുന്നുണ്ട്. ശബരിമല യാത്രയ്ക്കിടെ ലഭിക്കുന്ന ഔഷധജലം വലിയ ആശ്വാസമാണെന്നാണ് തീർത്ഥാടകരുടെയും പ്രതികരണം.

ഉൾവനത്തിലെ കുന്നാർ ഡാമിൽനിന്ന് എത്തിക്കുന്ന ശുദ്ധജലത്തിലാണ് ഔഷധക്കൂട്ടുകൾ ചേർക്കുന്നത്. മലകയറ്റത്തിന്റെ കഠിനതയ്ക്കിടയിൽ ലഭിക്കുന്ന ഈ ഔഷധജലം ദാഹമകറ്റുന്നതിനപ്പുറം തീർത്ഥാടന യാത്രയിലെ വേറിട്ട അനുഭവമായി മാറുകയാണ്. ശബരിമല ദർശനത്തിന്റെ പുണ്യസ്മരണകൾക്കൊപ്പം കാനനപാതയിൽ ലഭിക്കുന്ന ഔഷധജലത്തിന്റെ രുചിയും അനുഭവവും ഭക്തരുടെ മനസ്സിൽ എന്നും മായാതെ നിൽക്കും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4