പത്തനംതിട്ട: പതിനാലുകാരിയെ പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി.
പീഡനത്തിന് സഹായം ചെയ്ത രണ്ടാം പ്രതിയായ സ്ത്രീക്ക് ആറുമാസം കഠിനതടവും 1,000 രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് മറ്റ് വകുപ്പുകളിലായി എട്ടുവർഷം അധിക തടവും അനുഭവിക്കണം. പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മൻജിത് ടി.യുടേതാണ് വിധി.
പത്തനംതിട്ട ജില്ലയിലെ റാന്നി അങ്ങാടി വില്ലേജിലെ ഉന്നക്കാവ് പോസ്റ്റൽ പരിധിയിൽ പള്ളിനടയിൽ വീട്ടിൽ ജൈമോനാണ് ഒന്നാം പ്രതി. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതിനായി സഹായങ്ങൾ ചെയ്ത തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി ദീപയാണ് രണ്ടാം പ്രതി.
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തി.
ഇൻസ്പെക്ടറും സ്റ്റേഷൻ ഹൗസ് ഓഫീസറുമായ ഷിബുകുമാർ, എസ്.ഐ. ബിജു ജേക്കബ്, എ.എസ്.ഐ. പ്രശാന്ത്, എസ്.സി.പി.ഒമാരായ സന്തോഷ് കുമാർ, ജയകൃഷ്ണൻ ജയരാജൻ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചത്.
ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തതും ഈ അന്വേഷണ സംഘമാണ്. തുടർന്ന് ഡി.വൈ.എസ്.പി. നന്ദകുമാർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 25 സാക്ഷികളെ വിസ്തരിക്കുകയും 50 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശക്തമായ അന്വേഷണവും കൃത്യമായ തെളിവുകളും കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞതാണ് കേസിൽ ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായത്.
ഒന്നാം പ്രതിയായ ജൈമോൻ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ബലാത്സംഗം, വധശ്രമം, പോക്സോ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടെ 21 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാൾ മറ്റൊരു പോക്സോ കേസിൽ നിലവിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്.ഐ. ഹസീന സഹായിയായി പ്രവർത്തിച്ചു.
പത്തനംതിട്ടയിൽ 21 ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് പോക്സോ കേസിൽ ജീവപര്യന്തം ; പീഡനത്തിന് കൂട്ടുനിന്ന സ്ത്രീക്കും തടവും പിഴയും
Advertisement
Advertisement
Advertisement