breaking news New

പൈനാപ്പിൾ ലോറി മറിഞ്ഞു ; കൊള്ളയടിക്കാനല്ല ; സഹായിക്കാനെത്തി നാട്ടുകാർ ! മലയാളികളുടെ നന്മയ്ക്ക് സോഷ്യൽ മീഡിയയിൽ കൈയടി

തിരുവനന്തപുരം: പൈനാപ്പിളുമായി പോയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞപ്പോൾ സഹായഹസ്തവുമായി ഓടിയെത്തിയ നാട്ടുകാരുടെ നന്മ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അപകടത്തിൽ ചിതറിവീണ പൈനാപ്പിളുകൾ പെറുക്കിയെടുക്കാനും മറിഞ്ഞ വാഹനം ഉയർത്താനും നാട്ടുകാർ ഒരുമിച്ച് രംഗത്തെത്തിയ കാഴ്ചയാണ് കൈയടി നേടുന്നത്. തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം.

‘രഞ്ജിത്ത് ക്രിയേറ്റ്‌സ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോയാണ് ശ്രദ്ധ നേടിയത്. അപകടത്തിൽപ്പെട്ട് റോഡരികിൽ മറിഞ്ഞുകിടക്കുന്ന വാഹനത്തിന് ചുറ്റും നാട്ടുകാർ ഓടിയെത്തുന്നതും ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്നവർക്കും സഹായം നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കാഴ്ചക്കാരായി മാറിനിൽക്കാതെ നിരവധി പേർ ഒരുമിച്ചുചേർന്ന് വാഹനം തള്ളിയുയർത്തി നേരെയാക്കി. തുടർന്ന് റോഡിൽ ചിതറിക്കിടന്ന പൈനാപ്പിളുകൾ ഓരോന്നായി പെറുക്കിയെടുത്ത് വാഹനത്തിൽ തിരിച്ചുകയറ്റാനും നാട്ടുകാർ മുന്നിട്ടിറങ്ങി.

നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വാഹന ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടവും അധിക ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിച്ചു.

വീഡിയോ വൈറലായതോടെ അപകടസമയത്ത് സാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ ശ്രമിക്കാതെ സഹായവുമായി എത്തിയ നാട്ടുകാരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അപരിചിതരുടെ പ്രതിസന്ധിയിൽ പോലും കൈത്താങ്ങാകുന്ന മലയാളികളുടെ കൂട്ടായ്മയും മനുഷ്യത്വവുമാണ് ഈ ദൃശ്യങ്ങളിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4