കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
എട്ടു വർഷത്തോളമായി സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്, 2024 ഒക്ടോബറിലാണ് റിയാദിൽ വെച്ച് അറസ്റ്റിലാകുന്നത്. വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നുണ്ടായ കേസിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ വന്നതോടെ കോടതി ഇദ്ദേഹത്തിന് ഏഴു വർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷാകാലയളവിൽ ഒരു വർഷം പൂർത്തിയായ വേളയിൽ ജയിലിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്ന് സജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കരൾ അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവേ ആരോഗ്യനില ഗുരുതരമാവുകയും അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു.
അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജീദ്. പ്രവാസജീവിതത്തിനിടയിൽ നേരിടേണ്ടി വന്ന തടവുശിക്ഷയും പെട്ടെന്നുണ്ടായ മാരകരോഗവും ഈ കുടുംബത്തിന് വലിയ ആഘാതമായി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
നടപടികൾക്കാവശ്യമായ സാമ്പത്തിക സഹായം റിയാദിലെ ഇന്ത്യൻ എംബസി ലഭ്യമാക്കി. തുടർനടപടികൾ പൂർത്തിയായ മൃതദേഹം ദമാം വഴി നാട്ടിലേക്ക് അയക്കും.
വാഹന പരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് സൗദി അറേബ്യയിൽ ഏഴു വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വന്നിരുന്ന മലയാളി പ്രവാസി രോഗബാധയെത്തുടർന്ന് മരിച്ചു
Advertisement
Advertisement
Advertisement