breaking news New

സ്മാർട്ട്ഫോൺ വിപണിക്ക് വൻ തിരിച്ചടി ; ഇന്ത്യയിൽ വിൽപന 20% ഇടിഞ്ഞു ! ബജറ്റ് ഫോണുകൾക്ക് 94% തകർച്ച ; പ്രീമിയം ഫോണുകൾ കുതിക്കുന്നു!

ന്യൂഡൽഹി: മെമ്മറി ചിപ്പ് ക്ഷാമവും ഘടകങ്ങളുടെ വിലക്കയറ്റവും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ പ്രതിസന്ധിയിലാക്കുന്നു. 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവുണ്ടായതായി സൈബർ മീഡിയ റിസർച്ച് (CMR) റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിപണിയിലെ തിരിച്ചടി ഏറ്റവും രൂക്ഷമായി ബാധിച്ചത് സാധാരണക്കാർ ആശ്രയിക്കുന്ന ബജറ്റ് സ്മാർട്ട്ഫോണുകളെയാണ്. 7,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ കയറ്റുമതിയിൽ 94 ശതമാനത്തിന്റെ റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയത്. 7,000 മുതൽ 24,999 രൂപ വരെയുള്ള മിഡ് റേഞ്ച് വിഭാഗത്തിലും 42 ശതമാനം ഇടിവുണ്ടായി.

മെമ്മറി ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും വില ഉയർന്നതോടെ ഫോണുകളുടെ നിർമാണച്ചെലവ് വർധിച്ചു. കമ്പനികൾ വില ഉയർത്തിയതോടെ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾ പുതിയ ഫോണുകൾ വാങ്ങുന്നത് മാറ്റിവയ്ക്കുകയാണ്. നിലവിലുള്ള ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്ന പ്രവണതയും വിപണിയെ ബാധിച്ചു.

പ്രമുഖ ബ്രാൻഡുകളായ വിവോ, ഓപ്പോ എന്നിവയുടെ കയറ്റുമതിയിൽ 25 ശതമാനം വീതം ഇടിവുണ്ടായി. ഷവോമി, പൊക്കോ ഫോണുകളുടെ കയറ്റുമതിയിൽ 28 ശതമാനം കുറവുണ്ടായപ്പോൾ സാംസങ്ങിന് എട്ട് ശതമാനം ഇടിവാണ് നേരിട്ടത്. എങ്കിലും 17 ശതമാനം വിപണി വിഹിതവുമായി സാംസങ് ഒന്നാം സ്ഥാനം നിലനിർത്തി.

അതേസമയം, വിലകൂടിയ ഫോണുകളുടെ വിപണിയിൽ നേട്ടത്തിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. 25,000 മുതൽ 49,000 രൂപ വരെയുള്ള പ്രീമിയം വിഭാഗത്തിൽ 38 ശതമാനം വളർച്ച രേഖപ്പെടുത്തി. 50,000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സൂപ്പർ പ്രീമിയം വിഭാഗത്തിലും 32 ശതമാനം വളർച്ചയുണ്ടായി.

പ്രീമിയം വിപണിയിൽ ആപ്പിൾ ഒമ്പത് ശതമാനം വിപണി വിഹിതവുമായി കരുത്ത് നിലനിർത്തി. ആപ്പിളിന്റെ മൊത്തം കയറ്റുമതിയുടെ 53 ശതമാനവും ഐഫോൺ 17 സീരീസിൽ നിന്നാണ്. മികച്ച ഫീച്ചറുകൾ, എഐ അധിഷ്ഠിത സേവനങ്ങൾ, എക്സ്ചേഞ്ച് ഓഫറുകൾ, ഇ.എം.ഐ സൗകര്യങ്ങൾ എന്നിവയാണ് വിലകൂടിയ ഫോണുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

വിപണിയിലെ മാന്ദ്യത്തിനിടയിലും വൺപ്ലസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മൊത്തം കയറ്റുമതിയിൽ 27 ശതമാനം വളർച്ച നേടിയ കമ്പനി 20,000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ 500 ശതമാനത്തിന്റെ കുതിപ്പും രേഖപ്പെടുത്തി. പുതിയ ബ്രാൻഡായ എഐ പ്ലസിന്റെ വളർച്ച 247 ശതമാനമാണ്.

സാധാരണക്കാർക്ക് താങ്ങാനാകുന്ന ഫോണുകളുടെ വില ഉയരുമ്പോൾ സമ്പന്നരായ ഉപഭോക്താക്കൾ പ്രീമിയം മോഡലുകളിലേക്ക് മാറുന്ന കാഴ്ചയാണ് ഇന്ത്യൻ വിപണിയിൽ പ്രകടമാകുന്നത്. വരും മാസങ്ങളിൽ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയുടെ തിരിച്ചുവരവ് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4