breaking news New

ശബരിമല വെർച്വൽ ക്യൂയിൽ വൻ തട്ടിപ്പ് ; സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു ! 90,000 പേർക്ക് ദർശനാനുമതി നൽകാൻ നീക്കം

തിരുവനന്തപുരം : ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് തീർത്ഥാടകർക്ക് പണം വാങ്ങി മറിച്ചുവിൽക്കുന്നതിന് പിന്നിൽ അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം.

സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകളും ഒടിപി പരിശോധനയുടെ അഭാവവും മുതലെടുത്തായിരുന്നു തട്ടിപ്പ്. ഒരൊറ്റ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി ബുക്കിങ്ങുകൾ നടത്തിയാണ് ഏജൻസികൾ സ്ലോട്ടുകൾ കൈക്കലാക്കിയതെന്നാണ് കണ്ടെത്തൽ.

ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ മുഴുവൻ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം തീർത്ഥാടകർക്കുണ്ടായി. പിന്നീട് കൂട്ടമായി നടത്തിയ ബുക്കിങ്ങുകൾ റദ്ദാക്കിയതാണ് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായതെന്നും വിജിലൻസ് വിലയിരുത്തുന്നു.

അതേസമയം, ശബരിമലയിലെ പ്രതിദിന ദർശന പരിധി 80,000-ത്തിൽനിന്ന് 90,000 ആയി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയുടെ അനുമതി തേടും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും.

വെർച്വൽ ക്യൂ സ്ലോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബർ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംശയനിഴലിലുള്ള ട്രാവൽ ഏജൻസികളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ ബുക്കിങ്ങിന് ഒടിപി പരിശോധന കർശനമാക്കിയിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്തിന് മുന്നോടിയായി ബുക്കിങ് സോഫ്റ്റ്‌വെയർ പൂർണമായും പരിഷ്കരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4