കണ്ണൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി.
ആശുപത്രി കുറിപ്പടിയിൽ അധികമായി മരുന്നുകൾ എഴുതിച്ചേർത്ത് നീതി ഫാർമസിയിലെ ബില്ലുകളിൽ കൃത്രിമം നടത്തിയെന്നാണ് കണ്ടെത്തൽ. ആഭ്യന്തര പരിശോധനയിൽ ആറു ദിവസത്തെ ബില്ലുകളിൽ മാത്രം 52,053 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
മെഡിക്കൽ കോളേജിലെ സർക്കാർ ഫാർമസി, ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്.) ഫാർമസി, കാരുണ്യ ഫാർമസി എന്നിവിടങ്ങളിൽ ലഭ്യമല്ലാത്ത മരുന്നുകൾ നീതി ഫാർമസിയിൽനിന്ന് കടമായി വാങ്ങുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇതിനായി നഴ്‌സുമാർ നൽകുന്ന കുറിപ്പടിയിൽ അധിക മരുന്നുകൾ എഴുതിച്ചേർത്ത് ബിൽ തുക വർധിപ്പിച്ചെന്നാണ് പരാതി.
ആഭ്യന്തര അന്വേഷണ സമിതി പരിശോധിച്ച ആറു ദിവസത്തെ ബില്ലുകളിൽ ആകെ 4,19,142 രൂപയാണ് ക്ലെയിം ചെയ്തിരുന്നത്. ഇതിൽ 52,053 രൂപയുടെ ക്രമക്കേട് നടന്നതായി പരിശോധനയിൽ വ്യക്തമായി.
കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലാണ് നീതി ഫാർമസി പ്രവർത്തിക്കുന്നത്. ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഫാർമസിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ ബാങ്ക് സ്ഥലംമാറ്റി. ഇയാൾ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, 2020 മുതൽ 2025 വരെയുള്ള കാലയളവിൽ മരുന്ന് വാങ്ങിയ വകയിൽ നീതി ഫാർമസിക്ക് 1.85 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക്. എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ പരാതിയോടെയാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സമിതി അന്വേഷണം പൂർത്തിയാക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ക്രമക്കേടിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി അന്വേഷണം പുറത്തുനിന്നുള്ള ഏജൻസിക്ക് കൈമാറാനും ആലോചനയുണ്ട്.
രോഗികൾക്കുള്ള മരുന്നിന്റെ പേരിൽ ബില്ലിൽ കൃത്രിമമെന്ന ആരോപണം ഗൗരവതരം. 1.85 കോടി രൂപയുടെ കുടിശ്ശികയും അന്വേഷണപരിധിയിൽ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സർക്കാർ മെഡിക്കൽ കോളേജിലെ മരുന്ന് വിതരണത്തിൽ വൻ ക്രമക്കേട് ; ആറു ദിവസത്തെ ബില്ലിൽ മാത്രം 52,053 രൂപയുടെ തട്ടിപ്പ് കണ്ടെത്തി : നീതി ഫാർമസി ജീവനക്കാരന് സ്ഥലംമാറ്റം
Advertisement
Advertisement
Advertisement