കൊച്ചി: നെടുമ്പാശേരിയിൽ അന്താരാഷ്ട്ര വിപണിയിൽ അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന രണ്ടരക്കിലോ ചരസുമായി യുവാവ് അറസ്റ്റിൽ.
കാസർകോട് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്.
കഞ്ചാവിന്റെ തളിരിലകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീര്യം കൂടിയതും അപകടകാരിയുമായ ചരസാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകളിലാക്കി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
റൂറൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡൽഹിയിൽനിന്നാണ് ചരസ് വാങ്ങിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
ഡൽഹിയിൽനിന്ന് വിമാനമാർഗം മംഗളൂരുവിലെത്തിയ പ്രതി പിന്നീട് ട്രെയിനിൽ തൃശൂരിലെത്തി. അവിടെനിന്ന് ടാക്സിയിൽ നെടുമ്പാശേരിയിലെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ലഹരിമരുന്ന് വിതരണം ചെയ്യാനായിരുന്നു നീക്കമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുൻപും സമാനമായ രീതിയിൽ സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂട്ടാളികളെയും ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സബ് ഇൻസ്പെക്ടർമാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരും ഡാൻസാഫ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട ! അഞ്ച് കോടി വിലമതിക്കുന്ന രണ്ടരക്കിലോ ചരസുമായി 25കാരൻ പിടിയിൽ !
Advertisement
Advertisement
Advertisement