breaking news New

മാന്നാറിൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച ; ചെന്നിത്തലയിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും താമസിക്കുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘം വീണ്ടും സജീവം

മാന്നാർ : ചെന്നിത്തല വെമ്പുഴശ്ശേരില്‍ ഉഷസ്സില്‍ ഉഷയുടെ വീട്ടിലാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പരമ്പരാഗത ഓട്ടുരുളികളും ചെമ്പുകുട്ടകങ്ങളും ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ഗൃഹോപകരണങ്ങള്‍ കവര്‍ച്ചക്കാര്‍ കടത്തിക്കൊണ്ടുപോയി.

ഉഷയും കുടുംബവും വര്‍ഷങ്ങളായി മുംബൈയിലാണ് സ്ഥിരതാമസം. വെള്ളിയാഴ്ച ഉഷയുടെ ഭര്‍തൃസഹോദരന്‍ ബാലചന്ദ്രന്‍ നായര്‍ പറമ്പിലെ നാളികേരം ഇടീക്കുന്ന ആവശ്യത്തിനായി വീട്ടുവളപ്പില്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്റെ പിന്‍ഭാഗത്തേക്ക് എത്തിയ അദ്ദേഹം അടുക്കളഭാഗത്തെ ഗ്രില്ലിന്റെ താഴ് തകര്‍ത്ത നിലയിലും വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സംശയം തോന്നി വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മുറികളിലെ അലമാരകളും പെട്ടികളും ബലമായി കുത്തിത്തുറന്ന് വസ്ത്രങ്ങളും സാധനസാമഗ്രികളും തറയില്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. വീടിനുള്ളിലെ മുഴുവന്‍ അലമാരകളും കവര്‍ച്ചക്കാര്‍ പരതിയിട്ടുണ്ട്. ഉടൻ തന്നെ ബാലചന്ദ്രന്‍ നായര്‍ മാന്നാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പഴമയും മൂല്യവുമുള്ള നിരവധി വീട്ടുസാധനങ്ങളാണ് വീടിനുള്ളില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബപരമായി സൂക്ഷിച്ചിരുന്ന വലിയ ഓട്ടുരുളികള്‍, ചെമ്പുകുട്ടകം, വിവിധ വലിപ്പത്തിലുള്ള അലങ്കാര ഓട്ടുവിളക്കുകള്‍, ചെമ്പുകലങ്ങള്‍ തുടങ്ങി വലിയ തുക വിലമതിക്കുന്ന പരമ്പരാഗത ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടതായി ഉഷ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

സംഭവം അറിഞ്ഞയുടന്‍ മാന്നാര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. പ്രദേശത്തെ സമീപകാല സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുന്‍കാല മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഉടമസ്ഥര്‍ നാട്ടിലില്ലാത്ത വീടുകള്‍ മുന്‍കൂട്ടി നിരീക്ഷിച്ച് പ്ലാന്‍ ചെയ്താണ് മോഷണം നടത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4