breaking news New

വായിച്ച് പണം നേടാമെന്ന് പറഞ്ഞ് വലവീശി ; തിരുവനന്തപുരത്തെ സൈബർ തട്ടിപ്പിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !!

തിരുവനന്തപുരം :
വിതുര പഞ്ചായത്തിൽനിന്നു മാത്രം 106 പേരാണ് ഇരയായത്. ഇവരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്തതായാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇതുസംബന്ധിച്ച വിശദാന്വേഷണത്തിനായി വിതുര പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്തതായി നെടുമങ്ങാട് ഡിവൈഎസ്പി അറിയിച്ചു. ഇവിടെനിന്നാകും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിൽ തീരുമാനമാകുക.

തട്ടിപ്പിൽ വിദേശ, ഉത്തരേന്ത്യൻ ബന്ധങ്ങളുണ്ടെന്നും പ്രതികൾ അയച്ചുനൽകിയ ലിങ്കും പണം കൈമാറ്റം ചെയ്തതിന്റെ വിശദാംശങ്ങളും പരിശോധിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. വാട്‌സാപ്പ് വഴി നടന്ന തട്ടിപ്പിൽ നൂറിലേറെ പരാതികൾ ലഭിച്ചെങ്കിലും നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്തായിരുന്നു തട്ടിപ്പ്. വിതുര, തൊളിക്കോട് തുടങ്ങിയ സമീപപ്രദേശങ്ങളിലുള്ള ആറുപേരാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്.

ഇവർ ആളുകളെ ആപ്പിലേക്ക് ചേർത്തവർ മാത്രമാണ്. ഇവർ വഴി യഥാർത്ഥ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പുസ്തകം വായിച്ചാൽ ദിവസവും തുക ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ ആദ്യം രംഗത്തെത്തിയത്. പ്രദേശത്തെ ഒരാളിൽ തുടങ്ങി, അവർ വഴി മറ്റു പലരെയും ശൃംഖലയിലേക്ക് ചേർക്കുകയായിരുന്നു. ഇത് പിന്നീട് വൻ മണിചെയിനായി വികസിക്കുകയായിരുന്നു. 'എൻ.ടി.എൽ. പ്രൈവറ്റ് ലിമിറ്റഡ്' എന്ന ആപ്ലിക്കേഷൻ ലിങ്കാണ് തട്ടിപ്പുകാർ വാട്‌സാപ്പ് മുഖേന അയച്ചുനൽകുന്നത്. ഇത് ഡൗൺലോഡ് ചെയ്ത് 1,800 രൂപ അടച്ചാണ് ആളുകൾ ആദ്യം അംഗമാകുന്നത്. തുടക്കത്തിൽ അടയ്ക്കുന്ന തുക ഇരട്ടിയായി ഭാവിയിൽ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് ഭൂരിഭാഗം പേരും വീണുപോയത്.

ഒരു പുസ്തകം വായിക്കുന്നതിന് 25 രൂപ മുതൽ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. അംഗമായിക്കഴിഞ്ഞാൽ ഉടൻതന്നെ ആപ്പിലൂടെ പുസ്തകങ്ങൾ അയച്ചുനൽകും. ഒരു പുസ്തകത്തിന്റെ കുറച്ചു പേജുകൾ മറിച്ചുനോക്കിയാൽത്തന്നെ അക്കൗണ്ടിൽ പണം എത്തിയിരുന്നു. പുസ്തകവായനയ്ക്ക് പുറമേ മറ്റു ചില ടാസ്കുകളും ആപ്ലിക്കേഷനിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. തുടക്കത്തിൽ ഇത്തരത്തിൽ ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ പ്രതിഫലമായി ലഭിച്ചിരുന്നു.

ഓരോ ഘട്ടങ്ങൾ പൂർത്തിയാകുമ്പോഴും അടുത്ത ലെവലിലേക്ക് എത്തുന്നതിനായി കൂടുതൽ തുക അടയ്ക്കാൻ ആവശ്യപ്പെടും. യുപിഐ (UPI) ഐഡി വഴിയായിരുന്നു പണമിടപാടുകൾ മുഴുവൻ. ഇത്തരത്തിൽ ഏഴാം ഘട്ടത്തിലെത്തുമ്പോൾ 69,000 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. നിരവധി പേരാണ് ഈ തുക അടച്ചത്. ചിലർക്ക് ഇതിലും വലിയ തുകകൾ നഷ്ടമായിട്ടുണ്ട്.

ഇടയ്ക്കിടെ പണം പിൻവലിക്കാൻ അവസരം നൽകിയിരുന്നെങ്കിലും പെട്ടെന്ന് ഒരു ദിവസം ആപ്പിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് ആളുകൾ പരാതികളുമായി രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതിനു പുറമേ സൈബർ ക്രൈം ഹെൽപ്പ്‌ലൈനിൽ വിളിച്ച് പരാതിപ്പെട്ടവരും നിരവധിയാണ്. ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ കൂട്ടായ്മകൾ ചില സ്ഥലങ്ങളിൽ രൂപീകരിച്ചിരുന്നതായും പൊലീസ് പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4