കൊല്ലം: വിദേശത്ത് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ നൽകിയ അഞ്ച് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതും കടുത്ത സാമ്പത്തിക പ്രതിസന്ധിയും താങ്ങാനാകാതെ കൊല്ലത്ത് യുവാവ് ജീവനൊടുക്കി.
ശക്തികുളങ്ങര തട്ടാന്തര ചെപ്പേവടക്കത്തിൽ ഗുരുദേവ നഗർ 47-എ സൈജു നിവാസിൽ സൈജു ഹെൻട്രി പീറ്റർ (39) ആണ് മരിച്ചത്. 'എസ്ര ഗ്ലോബൽ ട്രാവൽസ്' എന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ ഉടമകൾ നടത്തിയതായി ആരോപിക്കപ്പെടുന്ന തട്ടിപ്പാണ് സൈജുവിന്റെ ജീവിതം തകർത്തത്.
ഓസ്ട്രേലിയയിലേക്ക് വിസയും ജോലിയും ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഏജൻസി ഉടമകൾ സൈജുവിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയത്. എന്നാൽ പണം മുഴുവൻ നൽകിയിട്ടും ഒരു വർഷത്തിലധികം കാത്തിരുന്നിട്ടും വിസയോ ജോലിയോ ലഭിച്ചില്ല. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി തവണ സ്ഥാപനത്തിന്റെ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉടമയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിൽ സൈജു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. വീട് ജപ്തിഭീഷണിയിലാണെന്ന് നേരിട്ട് അറിയിച്ചിട്ടും സ്ഥാപന ഉടമ മേരി ലോപ്പസ് പണം തിരികെ നൽകാൻ തയ്യാറായില്ലെന്ന് ഭാര്യ ആൻസി ആരോപിച്ചു. ആൻസിയുടെ കഴുത്തിലെ താലിമാല ഉൾപ്പെടെ പണയംവെച്ചാണ് പണം കണ്ടെത്തി ഏജൻസിക്ക് നൽകിയത്. വീടും വസ്തുവും പണയംവെച്ചും വായ്പയെടുത്തും സമാഹരിച്ച തുകയാണ് ഒടുവിൽ നഷ്ടമായത്.
ബാങ്ക് വായ്പകളുടെ തിരിച്ചടവും മറ്റ് പണയങ്ങളുടെ അടവും മുടങ്ങിയതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. അപൂർവമായി ഫോണിൽ സംസാരിച്ചപ്പോൾ മേരി ലോപ്പസ് ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നതായി ആൻസി പറയുന്നു. ഇതും സൈജുവിന്റെ മാനസിക വിഷമം വർധിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ദിവസം ഭാര്യ ആൻസി പ്രാർത്ഥനയ്ക്കായി പള്ളിയിൽ പോയ സമയത്താണ് സൈജു വീട്ടിൽവെച്ച് വിഷവും അമിതമായി ഗുളികകളും കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പള്ളിയിൽനിന്ന് മടങ്ങിയെത്തിയ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയൻ വിസയ്ക്കായി നൽകിയ പണം ഉൾപ്പെടെ സൈജുവിന് വലിയ കടബാധ്യതയുണ്ടായിരുന്നതായി ശക്തികുളങ്ങര പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ്ര ഗ്ലോബൽ ട്രാവൽസ് നിരവധി ഉദ്യോഗാർഥികളിൽനിന്ന് സമാനരീതിയിൽ പണം തട്ടിയെന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.
കൊല്ലത്ത് മാത്രം നാലര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പിന് പിന്നാലെ മുങ്ങിയ സ്ഥാപന ഉടമ മേരി ലോപ്പസിനെയും സി.ഇ.ഒ അരുണിനെയും ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽനിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ അറസ്റ്റിലായെങ്കിലും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ ഇരകൾക്ക് ഉറപ്പില്ലാത്ത സാഹചര്യമാണുണ്ടായിരുന്നത്.
സൈജുവിന്റെ അപ്രതീക്ഷിത വിയോഗത്തോടെ ഭാര്യ ആൻസിയും നാല് പെൺമക്കളായ ജെസിയ മേരി, ഈവ് മരിയ, യൊവാന മരിയ, അമീറ മറിയം എന്നിവരും വലിയ ദുരിതത്തിലായി. കുടുംബത്തെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ മരണം.
വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ സാമ്പത്തികമായി തകർക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വിദേശജോലി തട്ടിപ്പിൽ ജീവിതം തകർന്നു ; അഞ്ച് ലക്ഷം നഷ്ടപ്പെട്ടതിനു പിന്നാലെ യുവാവ് ജീവനൊടുക്കി : താലിമാല വരെ പണയം വെച്ച് നൽകിയ പണം നഷ്ടമായി : നാല് പെൺമക്കളെ തനിച്ചാക്കി സൈജുവിന്റെ മടക്കം
Advertisement
Advertisement
Advertisement