കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരിൽ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ എ.ഐ. വീഡിയോ പ്രചരിപ്പിച്ച് കോഴിക്കോട് വൻ ഓൺലൈൻ നിക്ഷേപ തട്ടിപ്പ്.
ട്രേഡിംഗിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ ലാഭം നേടാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് സ്വന്തം സമ്പാദ്യമായ 1 കോടി 45 ലക്ഷം രൂപ. അഞ്ച് മാസത്തോളം നീണ്ട ആസൂത്രിത തട്ടിപ്പിൽ മുപ്പതോളം തവണകളായാണ് പണം തട്ടിയെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്രേഡിംഗ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നിപ്പിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. മന്ത്രിയുടെ ശബ്ദവും ദൃശ്യങ്ങളും കൃത്രിമമായി നിർമ്മിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചത്. വീഡിയോയ്ക്കൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ നടുവണ്ണൂർ സ്വദേശിയെ ലക്ഷ്യമിട്ടുള്ള തട്ടിപ്പിന് തുടക്കമായി.
ലിങ്കിൽ പ്രവേശിച്ചതിനു പിന്നാലെ മലയാളം സംസാരിക്കുന്ന ഒരാൾ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പ്രത്യേക ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഓഹരി വിപണിയിലെയും ക്രിപ്റ്റോ കറൻസിയിലെയും നിക്ഷേപങ്ങളെക്കാൾ വലിയ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം. തുടർന്നുള്ള ഫോൺവിളികളിലൂടെയും നിരന്തരമായ പ്രേരണകളിലൂടെയും പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തു.
ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഏകദേശം 30 ഇടപാടുകളിലായി 1.45 കോടി രൂപയാണ് തട്ടിപ്പുകാർ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. നിക്ഷേപിച്ച പണത്തിന് വലിയ ലാഭം ലഭിക്കുന്നതായി വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ കാണിച്ചായിരുന്നു കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്.
എന്നാൽ നിക്ഷേപത്തുകയും വാഗ്ദാനം ചെയ്ത ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി പരാതിക്കാരന് വ്യക്തമായത്. തുടർന്ന് കോഴിക്കോട് റൂറൽ സൈബർ പൊലീസിൽ പരാതി നൽകി. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ, ഇടപാടുകളുടെ വഴികൾ, പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എ.ഐ. തട്ടിപ്പ്
കോഴിക്കോട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ വ്യാജ എ.ഐ. വീഡിയോ തട്ടിപ്പാണിത്. അടുത്തിടെ വടകരയിലെ വയോധിക ദമ്പതികൾക്കും സമാനമായ വ്യാജ വീഡിയോയിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു. പെൻഷൻ തുകയും മറ്റ് ആവശ്യങ്ങൾക്കായി ബാങ്കിൽ സൂക്ഷിച്ചിരുന്ന പണവുമാണ് ഇവർക്ക് നഷ്ടപ്പെട്ടത്.
ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി മേഖലയിലും സമാനമായ രീതിയിലുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി ഡീപ് ഫേക്ക് വീഡിയോകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നത് സൈബർ സുരക്ഷാ രംഗത്ത് ആശങ്ക ഉയർത്തുകയാണ്.
ജാഗ്രത പാലിക്കുക: പ്രമുഖ വ്യക്തികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ചുള്ള വീഡിയോകൾ യഥാർത്ഥമാണെന്ന് ഉറപ്പില്ലാതെ വിശ്വസിക്കരുത്. സോഷ്യൽ മീഡിയയിലെ നിക്ഷേപ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അപരിചിതർക്ക് ബാങ്ക് വിവരങ്ങളും ഒ.ടി.പി.യും കൈമാറുകയോ ചെയ്യരുത്. സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വ്യാജ എ.ഐ. വീഡിയോയിൽ കുടുങ്ങി കോഴിക്കോട് സ്വദേശി ; നഷ്ടമായത് 1.45 കോടി രൂപ ! നിർമല സീതാരാമന്റെ പേരിൽ നിക്ഷേപ തട്ടിപ്പ്
Advertisement
Advertisement
Advertisement