കോട്ടയം: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവ അഭിഭാഷകയുടെ പരാതിയിൽ ജർമനിയിൽനിന്ന് മടങ്ങിയ യുവാവ് അറസ്റ്റിലായ സംഭവത്തിൽ പരാതിക്കാരിയുടെ നിയമപോരാട്ടം ശ്രദ്ധ നേടുന്നു.
കോട്ടയം പുതുപ്പള്ളി മാങ്ങാനം പത്മവിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ (29) ആണ് കേസിലെ പ്രതി. ജാമ്യാപേക്ഷ ആദ്യം തള്ളിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.
2023-ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണിക്കൃഷ്ണനും യുവ അഭിഭാഷകയും പരിചയപ്പെട്ടത്. താൻ വിധവയാണെന്നും ഒരു കുട്ടിയുണ്ടെന്നും യുവതി തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതൊന്നും പ്രശ്നമല്ലെന്നും വിവാഹം കഴിച്ച് സംരക്ഷിക്കാമെന്നും ഉണ്ണിക്കൃഷ്ണൻ ഉറപ്പുനൽകിയതോടെ ഇരുവരും ബന്ധം മുന്നോട്ടുകൊണ്ടുപോയെന്നാണ് യുവതിയുടെ പരാതി.
2024 ഒക്ടോബറിൽ ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉണ്ണിക്കൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രം കണ്ട മറ്റൊരു യുവതി അഭിഭാഷകയെ ബന്ധപ്പെടുകയും ഉണ്ണിക്കൃഷ്ണനുമായി തനിക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഉണ്ണിക്കൃഷ്ണൻ മോശമായി സംസാരിച്ചെന്നാണ് യുവതിയുടെ ആരോപണം. തുടർന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ കേസെടുത്ത പൊലീസ്, വിദേശത്തായിരുന്ന പ്രതിക്കായി ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു.
നാട്ടിലേക്ക് മടങ്ങിവരുന്നതിനായി ഉണ്ണിക്കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ യുവ അഭിഭാഷക കേസിലെ വസ്തുതകൾ അവതരിപ്പിച്ചതിനെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി പ്രതിയോട് നിർദേശിച്ചു. ബ്ലൂ കോർണർ നോട്ടിസ് മരവിപ്പിക്കുകയും ചെയ്തു.
തുടർന്ന് ജർമനിയിൽനിന്ന് മടങ്ങിയ ഉണ്ണിക്കൃഷ്ണൻ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്കായി ജാമ്യാപേക്ഷ നൽകിയപ്പോൾ, യുവ അഭിഭാഷക രേഖകളും തെളിവുകളുമായി നേരിട്ടെത്തി എതിർവാദം ഉന്നയിച്ചു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട വാദത്തിനും രേഖാപരിശോധനയ്ക്കും ശേഷം കോടതി ജാമ്യാപേക്ഷ തള്ളുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഉണ്ണിക്കൃഷ്ണന് ജാമ്യം ലഭിച്ചു.
പ്രതിഭാഗം പ്രമുഖ സീനിയർ അഭിഭാഷകരുടെ സഹായം തേടിയപ്പോഴും പിന്മാറാതെ സ്വന്തം കേസ് സ്വയം അവതരിപ്പിച്ച യുവതിയുടെ നിയമപോരാട്ടം ശ്രദ്ധേയമായിരിക്കുകയാണ്. കേസിലെ ആരോപണങ്ങൾ നിയമപരമായ അന്തിമതീർപ്പിന് വിധേയമാണ്.
കോട്ടയത്ത് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു : ധാർഷ്ട്യം കാട്ടി ; ജർമനിയിൽ നിന്ന് കാമുകനെ നിയമപോരാട്ടത്തിലൂടെ നാട്ടിലെത്തിച്ച് ജയിലിലടച്ച് യുവ അഭിഭാഷക !!
Advertisement
Advertisement
Advertisement