breaking news New

ഒരു വയസുകാരന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ നിലയിൽ ; കോട്ടയം മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് പരാതി !!

കോട്ടയം : ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. പ്രസവത്തിന് പിന്നാലെ നടത്തിയ ചികിത്സയ്ക്കിടെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം.

കുഞ്ഞിന് ഒരു വർഷത്തോളം വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു പ്രസവം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതെന്ന് കുടുംബം പറയുന്നു.

തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളജിൽ അറിയിച്ചെങ്കിലും നടത്തിയ സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. തുടർന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. സൂചി പുറത്തെടുത്തതോടെ സംഭവത്തിൽ കുടുംബം പരാതിയുമായി രംഗത്തെത്തി.

സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നും തുടർപരിശോധനകളിൽ ഇത് കണ്ടെത്താതെ പോയതെങ്ങനെയെന്നും അന്വേഷണത്തിൽ പരിശോധിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4