breaking news New

കേരളത്തിലേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുക്കിയ അന്താരാഷ്ട്ര മാഫിയ തലവൻ പിടിയിൽ ! നൈജീരിയയിലേക്ക് കടക്കാനുള്ള നീക്കം പൊളിച്ച് കേരള പൊലീസ് ; ഭാര്യയും അറസ്റ്റിൽ

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ എത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികൾ ഒടുവിൽ പൊലീസ് പിടിയിൽ.

നൈജീരിയൻ സ്വദേശി ഇക്കേചുക്വ പോൾ ഒഗ്‌ബോണ്ണ (40), ഭാര്യ ആർതി (42) എന്നിവരെയാണ് മുംബൈയിൽ നിന്ന് കൊണ്ടോട്ടി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ലഹരിക്കച്ചവടത്തിലൂടെ സമ്പാദിച്ച കോടികൾ വിദേശത്തേക്ക് കടത്തിയ ശേഷം നൈജീരിയയിലേക്ക് മുങ്ങാനായിരുന്നു നീക്കമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേരളത്തിലേക്ക് ലഹരി ഒഴുക്കിയ ശൃംഖലയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് പോളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൊണ്ടോട്ടി അരൂരിൽ ജൂൺ 26ന് തട്ടാരംചോല വീട്ടിൽ രതീഷ് (38) എംഡിഎംഎയുമായി പിടിയിലായ കേസിൽ നിന്നാണ് നിർണായക അന്വേഷണത്തിന് തുടക്കമായത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളും തുടർന്നുള്ള അന്വേഷണവുമാണ് കേരള പൊലീസിനെ മുംബൈയിലേക്കും ഉൾവെയിലേക്കും എത്തിച്ചത്.

15 വർഷം മുമ്പ് ഇന്ത്യയിലെത്തിയ പോൾ എട്ട് വർഷം മുമ്പ് മുംബൈ സ്വദേശിയായ ആർതിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയെന്നാണ് പൊലീസ് പറയുന്നത്. പുറമെ കുടുംബജീവിതം നയിച്ചിരുന്ന ഇവർ രഹസ്യമായി കേരളത്തിലേക്കും കർണാടകയിലേക്കും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നുവെന്നാണ് ആരോപണം.

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പ്രധാന കണ്ണികൾ കേരളത്തിൽ പിടിയിലായതോടെ പണം നൈജീരിയയിലേക്ക് മാറ്റാനും രാജ്യം വിടാനും ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വലയിലായത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ രജിസ്റ്റർ ചെയ്ത പ്രധാന ലഹരിക്കേസുകളിലും ഇവരെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. പോളിന്റെ പേരിൽ മുംബൈയിലും നേരത്തെ കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട നിർണായക രേഖകൾ, രണ്ട് ലക്ഷത്തോളം രൂപ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പത്തോളം പ്രതികൾ പിടിയിലായിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി എ.ജെ. ജോൺസൺ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ.

കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ എഎസ്ഐ തുളസി, ഡാൻസാഫ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സംഘമാണ് മുംബൈയിൽ നിന്ന് പ്രതികളെ പിടികൂടിയത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4