എടത്വ: തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രതീകവൽക്കരിക്കുന്ന പ്രസിദ്ധമായ കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങിന് ചക്കുളത്തുകാവ് ക്ഷേത്രം ഇന്ന് സാക്ഷിയാകും. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിനത്തിൽ വൈകിട്ട് 6.30-നാണ് ചടങ്ങ് നടക്കുന്നത്.
ഉയരമുള്ള തൂണിൽ വാഴച്ചിയും തെങ്ങോലകളും ദേവിക്ക് ഒരു വർഷത്തിനിടെ ലഭിച്ച ഉടയാടകളും ചുറ്റിയാണ് കാർത്തിക സ്തംഭം ഒരുക്കിയിരിക്കുന്നത്. നാടിന്റെ മുഴുവൻ പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിക്കപ്പെടുന്നുവെന്നാണ് വിശ്വാസം.
ദേവിയെ എഴുന്നള്ളിച്ച് നടപ്പന്തലിൽ കിഴക്കോട്ട് ദർശനമായി ഇരുത്തിയ ശേഷമാണ് ദേവീസാന്നിധ്യത്തിൽ സ്തംഭത്തിന് അഗ്നി പകരുന്നത്. സ്തംഭം കത്തിയമരുന്നതോടെ നാടിന്റെ പാപങ്ങൾക്ക് അറുതിയാകുമെന്നാണ് ഭക്തരുടെ വിശ്വാസം.
ചടങ്ങ് ദർശിക്കാനായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. പുലർച്ചെ പൊങ്കാല സമർപ്പിക്കുന്ന ഭക്തരിൽ പലരും വൈകിട്ടത്തെ കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങും കണ്ട ശേഷമാണ് മടങ്ങുന്നത്.
ക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെ പൊങ്കാല സമർപ്പിക്കുന്നതിനാൽ രാവിലെ എത്താൻ കഴിയാത്ത ഭക്തർക്കും വൈകിട്ടത്തെ ചടങ്ങിൽ പങ്കെടുക്കാനും നേർച്ചകളും കാഴ്ചകളും സമർപ്പിക്കാനും അവസരമുണ്ട്.
നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി പശ്ചിമ ബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ചടങ്ങിൽ കാർത്തിക സ്തംഭത്തിന് അഗ്നി പകരും.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
തിന്മയുടെ മേൽ നന്മയുടെ വിജയം ; ചക്കുളത്തുകാവിൽ ഇന്ന് കാർത്തിക സ്തംഭം കത്തിക്കൽ ; അഗ്നി പകരുന്നത് മുൻ ഗവർണർ സി.വി. ആനന്ദബോസ്
Advertisement
Advertisement
Advertisement