ബോറിവിലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പനെ നാല് ചെക്ക് കേസുകളില്‍ ശിക്ഷിച്ചിരുന്നു. നാല് കേസുകളിലായി ആകെ മൂന്നര വര്‍ഷത്തെ തടവാണ് വിധിച്ചത്. ഇതിന് പുറമെ പരാതിക്കാരനായ മെന്നന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് മേനോന് 5.30 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഈ വിധിക്കെതിരെ കാപ്പന്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടെ മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ശിക്ഷ നടപ്പാക്കുന്നത് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഈ ഹര്‍ജിയില്‍ ശിക്ഷാ വിധിയില്‍ സ്റ്റേയില്ല. കുറ്റസ്ഥാപനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിധി പ്രസ്താവിക്കുന്നത് കോടതി ഒക്ടോബര്‍ 5-ലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, മാണി സി. കാപ്പനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. മുംബൈ ബോറിവിലി മജിസ്ട്രേറ്റ് കോടതി നാല് സാമ്പത്തിക കേസുകളില്‍ ശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ പാലാ നിയമസഭാ മണ്ഡലം ഒഴിവുള്ളതായി പ്രഖ്യാപിക്കണമെന്നും, സ്പീക്കര്‍ക്ക് അയോഗ്യത പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ദിനേശ് മേനോനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി അയോഗ്യനാകുമെന്നും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 191(e) പ്രകാരം ഇത് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍, ഒരു നിയമസഭാംഗത്തിന് അയോഗ്യത സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 192 അനുസരിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ഭരണഘടനാ വ്യവസ്ഥകളും ജനപ്രാതിനിധ്യ നിയമവും മുന്‍നിര്‍ത്തി അനാവശ്യ കാലതാമസമില്ലാതെ നിയമപരമായ അനുയോജ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.
വിഷയം ഗവര്‍ണറുടെ തീരുമാനത്തിന് വിടേണ്ടതുണ്ടോ അതോ സ്പീക്കര്‍ക്ക് തന്നെ പ്രഖ്യാപനം നടത്താമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് തന്നെ നടപടിയെടുക്കാവുന്നതാണ്. കേസിലെ വിഷയങ്ങളുടെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സ്പീക്കറുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും തീരുമാനത്തിന് വിഷയം വിടുകയായിരുന്നു.
‘ശിക്ഷ സസ്‌പെൻഡ് ചെയ്‌തു’ എന്ന് കാപ്പൻ ; ‘അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല’ എന്ന് കോടതി രേഖകൾ : ചെക്ക് കേസ് പോരാട്ടത്തിൽ ആദ്യ വിജയം പ്രഖ്യാപിച്ച് പാലാ എംഎൽഎ ; മുംബൈ സെഷൻസ് കോടതിയുടെ ഉത്തരവിനെച്ചൊല്ലി പുതിയ ആശയക്കുഴപ്പം
Advertisement
Advertisement
Advertisement