യാത്രയ്ക്കിടെ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവമുണ്ടായത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പറവൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സിഎംഡിയുടെ നിർദേശപ്രകാരം സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരിൽനിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ നിയമാനുസൃതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ നാലു പേർക്ക് സീറോ ടിക്കറ്റ് നൽകി. അഞ്ചാമത്തെ പെൺകുട്ടിയോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ നിർബന്ധിച്ചെന്നാണ് പരാതി.
കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. സഹയാത്രികരിൽ ചിലരും ഇതിനെ പിന്തുണച്ച് പെൺകുട്ടിയെ പരിഹസിച്ചു. തുടർന്ന് ബസിൽനിന്നും ഇറക്കി വിടാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും പൊലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തു.
അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ കുട്ടിയുടെ തലമുടി വെട്ടിയ നിലയിലായിരുന്നു. കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്ന് കണ്ടക്ടർ ആക്ഷേപിച്ചതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
കണ്ടക്ടർ ടിക്കറ്റ് നൽകി പണം ആവശ്യപ്പെട്ടപ്പോൾ സഹപാഠികൾ അടക്കം ഇതിനെ എതിർത്തപ്പോഴാണ് പെൺകുട്ടിയെ കണ്ടക്ടർ അധിക്ഷേപിച്ചത്. ബസിന്റെ പിന്നിലുണ്ടായിരുന്ന പുരുഷയാത്രക്കാരെ വിളിച്ചു ഇവളെ കണ്ടിട്ട് പെൺകുട്ടിയാണെന്ന് തോന്നുന്നുണ്ടോ എന്നും ചോദിച്ചു. പെൺകുട്ടിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും പറഞ്ഞു. കണ്ടക്ടർ വഴക്കുപറഞ്ഞപ്പോൾ ഒരു യാത്രക്കാരൻ തന്നെ തല്ലാൻ ശ്രമിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി.
പറവൂരിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ടക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
Advertisement
Advertisement
Advertisement