ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന 'എ വണ്‍' ബസാണ് നിയമലംഘനത്തിന് ഹരിപ്പാട്ടുവെച്ച് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായത്. സംഭവത്തില്‍ 10,000 രൂപ പിഴയീടാക്കിയാണ് ഉദ്യോഗസ്ഥര്‍ വാഹനം വിട്ടയച്ചത്.
യാത്രക്കാരുടെ മനംമടുപ്പിക്കുന്ന രീതിയിലായിരുന്നു ബെംഗളൂരുവില്‍ നിന്നുള്ള ഈ സര്‍വീസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള പോക്ക്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് രണ്ട് മണിക്കൂറോളം വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വാഹനം ഉച്ചയായിട്ടും ആലപ്പുഴ ജില്ലയില്‍ പോലും എത്തിയില്ല.
തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അമിതമായി പൂക്കളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കയറ്റിയതാണ് സര്‍വീസ് വൈകാന്‍ പ്രധാന കാരണം. യാത്രാമധ്യേ പലയിടങ്ങളിലായി ഈ ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്തതോടെ നാടുപിടിക്കാന്‍ തിടുക്കപ്പെട്ടെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. ബസില്‍ സുഖമായി ഇരിക്കാന്‍ പോലുംകഴിയാത്ത ലഗേജുകള്‍ സീറ്റുകള്‍ക്ക് അടിയിലും ഇടനാഴികളിലും കൂട്ടിയിടാന്‍ ജീവനക്കാര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.
തുടര്‍ച്ചയായുള്ള കാലതാമസത്തിലും മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ച് സഹികെട്ട യാത്രക്കാര്‍ നേരിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ ഫോണില്‍ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. എം.ജി. മനോജിന് കമ്മിഷണര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി.
ഉടന്‍ തന്നെ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, എ.എം.വി.ഐമാരായ സുനില്‍കുമാര്‍, പ്രവീണ്‍ രാജ്, സുജിത്ത് എന്നിവരടങ്ങിയ സ്‌ക്വാഡ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഉത്സവ സീസണുകളില്‍ അന്തര്‍സംസ്ഥാന ബസുകള്‍ ഇത്തരത്തില്‍ ചരക്കുകള്‍ കുത്തിനിറച്ച് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവണത വ്യാപകമാണെന്നും, വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആര്‍.ടി.ഒ. മുന്നറിയിപ്പ് നല്‍കി.
ദീപാവലി തിരക്ക് മുതലെടുത്ത് കൊള്ളനിരക്ക് ; യാത്രക്കാരുടെ സീറ്റുകളിൽ കച്ചവടച്ചരക്കുകൾ ! അന്തർസംസ്ഥാന ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ
Advertisement
Advertisement
Advertisement