കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛൻ രാജേഷ് അറസ്റ്റിൽ.
കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ട് കൊല്ലം റൂറൽ എസ്.പിക്ക് നേരിട്ട് നിർദേശം നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. വാർത്ത പുറത്തുവന്ന് രണ്ട് മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്.
ചടയമംഗലം കുരിയോട് കഴിഞ്ഞ രാത്രിയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ രാജേഷ് മുറിയിലായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് വലിച്ചിഴച്ച് ഹാളിലെത്തിച്ച ശേഷം വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പകർത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആദ്യ വിവാഹത്തിലെ മകനോടുള്ള വിരോധമാണ് മർദനത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയത്. രാജേഷ് കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഇടപെട്ടു. അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മന്ത്രി നിർദേശം നൽകി. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സുരക്ഷിതമായ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in