breaking news New

ശബരിമല തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വാറ്റുചാരായ വിൽപ്പന ; ഒരാൾ അറസ്റ്റിൽ


പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വാറ്റുചാരായം വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരാളെ നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള വില്ലേജിൽ നാരാണംതോട് കൊന്നത്ത് എ. വീട്ടിൽ വിക്രമൻ നായരുടെ മകൻ വിനോദ് കുമാർ (46) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ 9 ഓടെ നിലയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടുതോട് പ്രദേശത്താണ് സംഭവം.

അനധികൃതമായി വാറ്റുചാരായം കൈവശം വെച്ച് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാറ്റുചാരായം കണ്ടെത്തി. പോലീസിനെ കണ്ട ഇയാൾ സഞ്ചിയിൽ ഉണ്ടായിരുന്ന വാറ്റുചാരായം ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ സമഗ്രമായ തിരച്ചിലിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.

നിലയ്ക്കൽ പോലീസ് സ്റ്റേഷൻ SI മിഥുൻ അശോക്
ASI പ്രകാശ്
SCPO മാരായ അഭിലാഷ് , സുരേഷ് , വിമൽ , ആന്റണി , രതീഷ്
CPO മാരായ സുജിത് , അനീഷ് , സച്ചിൻ , വിഷ്ണു , സുധി എന്നിവരുടെ നേതൃത്വത്തിൽ നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടുകളിലും പരിസരപ്രദേശങ്ങളിലും സ്ഥിരമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലും തുടർനടപടികളിലുമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്കും വാഹനങ്ങൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി പോലീസ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി നടത്തിയ ഇടപെടൽ ശ്രദ്ധേയമായി.

തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ലക്ഷ്യമിട്ട് മദ്യവിൽപ്പന നടത്താനുള്ള നീക്കങ്ങൾ തടയുന്നതിൽ നിലയ്ക്കൽ പോലീസിന്റെ സമയോചിതമായ നടപടി നിർണായകമായി.

നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4