breaking news New

ശബരിമല തീർത്ഥാടകരെ പിഴിയുന്ന ഹോട്ടലുകൾ ; 75 രൂപയുടെ ഊണിന് ഈടാക്കുന്നത് 120 രൂപ വരെ!

കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ തിരക്ക് മുതലെടുത്ത് ഹോട്ടലുകളിലും ഭക്ഷണശാലകളിലും അമിതവില ഈടാക്കുന്നതായി വ്യാപക പരാതി. സർക്കാർ നിശ്ചയിച്ച ഏകീകൃത വിലനിരക്കുകൾ നിലവിലുണ്ടെങ്കിലും പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ലെന്നാണ് തീർത്ഥാടകരുടെ ആരോപണം.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ഭക്തരുടെ അറിവില്ലായ്മ മുതലെടുത്തുമാണ് അമിതവില ഈടാക്കുന്നത്. സർക്കാർ നിരക്ക് പ്രകാരം കുത്തരി ഊണിനും ആന്ധ്രാ ഊണിനും 75 രൂപയാണ് ഈടാക്കേണ്ടത്. എന്നാൽ പല ഹോട്ടലുകളിലും 90 മുതൽ 120 രൂപ വരെയാണ് വില. 12 രൂപയ്ക്ക് ലഭിക്കേണ്ട ചായയ്ക്ക് 15 മുതൽ 21 രൂപ വരെ നൽകേണ്ടിവരുന്നു. ചെറുകടികൾക്കും തോന്നിയ വിലയാണ് ഈടാക്കുന്നതെന്നാണ് പരാതി.

കോട്ടയം, തിരുനക്കര, ഏറ്റുമാനൂർ, എരുമേലി, വൈക്കം, കടപ്പാട്ടൂർ തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലെയും റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരങ്ങളിലെയും ഭക്ഷണശാലകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കുകൾ ബാധകമാണ്. വെജിറ്റേറിയൻ ഭക്ഷണവിഭവങ്ങൾക്കാണ് ഏകീകൃത വിലനിലവാരം പ്രഖ്യാപിച്ചിട്ടുള്ളത്.

അമിതവില തടയാൻ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന ശക്തമാക്കണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം. സർക്കാർ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും ആവശ്യമുയരുന്നു.

അതേസമയം, പച്ചക്കറികൾക്കും പലചരക്ക് സാധനങ്ങൾക്കും വില വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ ഭക്ഷണം നൽകുന്നത് പ്രയാസകരമാണെന്നാണ് ഹോട്ടലുടമകളുടെ വാദം. എന്നാൽ തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് ഏകീകൃത നിരക്കുകൾ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഭക്തരുടെ നിലപാട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4