breaking news New

എച്ച്എംഡി വൈബ് ടു ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ‘എച്ച്എംഡി വൈബ് ടു പ്രോ 5ജി’ ഇന്ത്യയിൽ അവതരിപ്പിച്ചു

5ജി പിന്തുണയുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ഇന്ത്യയിൽ എച്ച്എംഡി വൈബ് ടു 5ജിക്ക് ലഭിച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

പ്രകടനം, ക്യാമറ, ഡിസ്പ്ലേ, ബാറ്ററി എന്നിവയിൽ മെച്ചപ്പെടുത്തലുകളോടെയാണ് എച്ച്എംഡി വൈബ് ടു പ്രോ 5ജി എത്തുന്നത്. ഒക്ടോബർ എട്ട് മുതൽ ഫ്ലിപ്കാർട്ട് വഴി ഫോൺ ലഭ്യമാകും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയും 8 ജിബി റാം, 128 ജിബി പതിപ്പിന് 16,999 രൂപയുമാണ് പ്രാരംഭ വില. എച്ച്എംഡി വൈബ് ടു 5ജിയുടെ പുതിയ വൈൻ റെഡ് പതിപ്പും ഇതേ ദിവസം വിൽപ്പനയ്ക്കെത്തും.

ഫോട്ടോഗ്രഫി, ഗെയിമിങ്, മൾട്ടിടാസ്കിങ്, ബ്രൗസിങ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾ മുൻനിർത്തിയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫുൾ എച്ച്ഡി പ്ലസ് 120 ഹെർട്സ് ഡിസ്പ്ലേ, 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാനും സാധിക്കും.

ക്യാമറ വിഭാഗത്തിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി, ലൈറ്റ് സെൻസറുകൾ, ഡ്യുവൽ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ട്. സിൽവർ മിസ്റ്റ്, അക്വാ ഗ്രീൻ, കോസ്മിക് പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിലാണ് എച്ച്എംഡി വൈബ് ടു പ്രോ 5ജി ലഭ്യമാകുന്നത്.

സർവം എഐയുടെ ഇൻഡസ് എഐ സംവിധാനവും ഫോണിന്റെ പ്രത്യേകതയാണ്. 22 ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ നൽകുന്ന ഇൻഡസ് എഐ ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലം മുൻനിർത്തിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സെർവറുകളും ഡാറ്റയും ഇന്ത്യയിലാണ് സൂക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഉപഭോക്തൃ സേവനത്തിനായി രാജ്യത്തുടനീളം 200ലേറെ സർവീസ് സെന്ററുകളാണ് എച്ച്എംഡിക്കുള്ളത്. 18,000ലേറെ പിൻകോഡുകളിൽ പിക്കപ്പ്, ഡെലിവറി സൗകര്യവും ലഭ്യമാണെന്ന് കമ്പനി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4