പത്തനംതിട്ട മല്ലപ്പള്ളിയിൽ സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോകുന്നത് തുടർക്കഥയാകുന്നു.
ആനിക്കാട് നൂറോമ്മാവ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയ്ക്ക് മുകളിൽ പാകിയിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ് ഇത്തവണ മോഷണം പോയത്. സംഭവത്തിൽ പള്ളി അധികൃതർ കീഴ്വായ്പൂർ പൊലീസിൽ പരാതി നൽകി.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഗ്രാനൈറ്റ് മോഷണമാണിത്.
നേരത്തെ മല്ലപ്പള്ളി മാർത്തോമ്മാ പള്ളി സെമിത്തേരിയിലും മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും സമാനമായ മോഷണം നടന്നിരുന്നു. ഇരു സ്ഥലങ്ങളിലും കല്ലറകൾക്ക് മുകളിൽ പാകിയിരുന്ന വലിയ ഗ്രാനൈറ്റ് സ്ലാബുകളാണ് കാണാതായത്.
തുടർച്ചയായ മോഷണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം കല്ലറ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളിലേക്കും കോൺട്രാക്ടർമാരിലേക്കും നീങ്ങുകയാണ്. കല്ലറ നിർമ്മാണം കോൺട്രാക്ട് എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് സ്ലാബുകൾ മറ്റാരും ലക്ഷ്യമിടാൻ സാധ്യത കുറവാണെന്നും പൊലീസ് വിലയിരുത്തുന്നു.
കല്ലറയിൽ ഉറപ്പിച്ചിരുന്ന ഗ്രാനൈറ്റ് ഇളക്കിയെടുക്കാൻ പരിചയസമ്പന്നരുടെ സഹായം ആവശ്യമായതിനാൽ മോഷണത്തിന് പിന്നിൽ സംഘത്തിന്റെ ഇടപെടലുണ്ടാകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
സെമിത്തേരികളിൽ നിന്ന് തുടർച്ചയായി ഗ്രാനൈറ്റ് സ്ലാബുകൾ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിൽ മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.