breaking news New

ഗൂഗിൾ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി

പ്രധാനമായും ‘ലൈവ് ആക്റ്റിവിറ്റീസ്’ എന്ന പുതിയ ഫീച്ചർ ശ്രദ്ധേയമാണ്. ഇത്, ഐഫോണുകളിൽ ലഭ്യമായ ‘ലൈവ് ആക്റ്റിവിറ്റീസ്’ ഫീച്ചറുമായി സമാനമാണ്. ഉപയോക്താക്കൾക്ക് ഭക്ഷണ ഡെലിവറി, ടാക്‌സി സേവനങ്ങൾ തുടങ്ങിയവയുടെ തത്സമയ അപ്‌ഡേറ്റുകൾ ലോക്ക് സ്‌ക്രീനിൽ നേരിട്ട് കാണാൻ കഴിയും. ഇതിലൂടെ ആപ്പുകൾ വീണ്ടും തുറക്കാതെ തന്നെ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

‘അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ’ എന്ന പുതിയ സുരക്ഷാ സവിശേഷതയും ആൻഡ്രോയ്ഡ് 16-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ലോകത്ത് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട ഈ ഫീച്ചർ ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുകയും അപകടകരമായ ആപ്ലിക്കേഷനുകൾ കടന്നുകയറുന്നത് തടയുകയും ചെയ്യുന്നു. ഉപയോക്താക്കൾക്ക് സംശയാസ്പദമായ വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കുകയോ സംശയാസ്പദമായ പ്രവർത്തനം നേരിടുകയോ ചെയ്യുമ്പോൾ ആൻഡ്രോയ്ഡ് 16 ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.

ആൻഡ്രോയ്ഡ് 16-ൽ ‘അഡാപ്റ്റീവ് ആപ്പുകൾ’ എന്ന സവിശേഷതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചർ, ആപ്പുകൾ വ്യത്യസ്ത സ്ക്രീൻ വലുപ്പത്തിനനുസരിച്ച് സ്വയം ക്രമീകരിക്കാൻ സഹായിക്കുന്നു. ഫോൾഡബിള്‍ ഡിവൈസുകളിലും ടാബ്‌ലെറ്റുകളിലും ആപ്പുകൾ തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും. ഇത് മൊബൈൽ ഉപകരണങ്ങൾ മാത്രമല്ല, ഫോള്ഡബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ അനുഭവം നൽകുന്നു.

പുതിയ അപ്‌ഡേറ്റുകൾ ഉൾപ്പെടെ, ആൻഡ്രോയ്ഡ് 16-ൽ അപ്‌ഡേറ്റ് ചെയ്ത ഫോണ്ടുകൾ, കൂടുതൽ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകൾ, പുതിയ വർണാഭമായ മെനു എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയ കൺട്രോളുകളും നവീകരിച്ചിട്ടുണ്ട്. പിക്‌സൽ 8എ ഉപയോക്താക്കൾക്കും പുതിയ മോഡലുകൾ ഉള്ളവർക്കും പുതിയ ബാറ്ററി ഹെൽത്ത് ഇൻഡിക്കേറ്റർ പ്രയോജനപ്പെടും. ആൻഡ്രോയ്ഡ് 16 സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6 എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7 എ, പിക്സൽ 8, പിക്സൽ 8 പ്രോ, പിക്സൽ 8 എ, പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ്, പിക്സൽ 9 എ, പിക്സൽ ഫോൾഡ്, പിക്സൽ ടാബ്‌ലെറ്റ് എന്നിവയാണ്.

സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങിയ മറ്റ് നിർമ്മാതാക്കൾ തങ്ങളുടെ ഹാർഡ്‌വെയറിനും സോഫ്റ്റ്‌വെയർ സ്‌കിന്നുകൾക്കും അനുസരിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം കസ്റ്റമൈസ് ചെയ്തശേഷം വരും മാസങ്ങളിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5