breaking news New

ഉപയോക്താവിന്റെ വ്യക്തിഗത ഡിജിറ്റൽ വിവരങ്ങൾ വിശകലനം ചെയ്ത് താൽപര്യങ്ങൾക്കനുസരിച്ചുള്ള ചിത്രങ്ങളും നിർദേശങ്ങളും നൽകുന്ന പുതിയ ആപ്പായ ഡ്രീംബീൻസ് അവതരിപ്പിച്ച് ഗൂഗിൾ

ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, സെർച്ച്, യൂട്യൂബ്, ജെമിനി തുടങ്ങിയ സേവനങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ആപ്പ് വ്യക്തിഗത വിഷ്വൽ ഫീഡ് ഒരുക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിലും ആപ്പിൾ ഐഫോണുകളിലും ഡ്രീംബീൻസ് ലഭ്യമാകും.

ഗൂഗിൾ ജെമിനിയുടെ പേഴ്സണൽ ഇന്റലിജൻസ് സംവിധാനമാണ് ഇതിന്റെ അടിസ്ഥാനം. ഉപയോക്താവിന്റെ വായനാതാൽപര്യങ്ങൾ, യാത്രാപദ്ധതികൾ, ഭക്ഷണശീലങ്ങൾ, കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ മനസ്സിലാക്കി നിർദേശങ്ങൾ നൽകും. സാധാരണ എഐ ചിത്രങ്ങൾക്കുപകരം വാട്ടർകളർ ശൈലിയിലുള്ള ദൃശ്യങ്ങളാണ് ഫീഡിൽ ഉൾപ്പെടുത്തുക. ഗൂഗിൾ ഫോട്ടോസിലേക്ക് അനുമതി നൽകിയാൽ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത സൂചനകളും ദൃശ്യങ്ങളിൽ പ്രതിഫലിക്കാം.

ഇന്ത്യയിൽ 14 ഭാഷകളിലാണ് ആപ്പ് നിലവിൽ ലഭ്യമാകുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഉർദു, ഗുജറാത്തി, ഒഡിയ, പഞ്ചാബി, അസമീസ്, നേപ്പാളി എന്നിവയാണ് പിന്തുണയ്ക്കുന്ന ഭാഷകൾ. അമേരിക്കയ്ക്ക് പുറത്തുള്ള ഡ്രീംബീൻസിന്റെ ആദ്യ രാജ്യാന്തര വിപുലീകരണമാണ് ഇന്ത്യയിലേത്. ഇന്ത്യയിൽ ഗൂഗിളിന്റെ വിവിധ സേവനങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന ഉപയോഗവും കുടുംബം, ഭക്ഷണം, യാത്ര, ഉത്സവങ്ങൾ എന്നിവയോടുള്ള താൽപര്യവുമാണ് രാജ്യത്തെ ആദ്യ വിപണിയായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ഗൂഗിൾ ലാബ്സ് പ്രൊഡക്ട് മാനേജർ ഗോസ്ഡെ ഓസ്നുർ പറഞ്ഞു.

ഉപയോക്താവിന് ഏത് സേവനങ്ങളിലെ വിവരങ്ങൾ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുക്കാം. ജിമെയിൽ, ഡ്രൈവ് തുടങ്ങിയ ഗൂഗിൾ വർക്ക്‌സ്‌പേസ് സേവനങ്ങൾ, ഫോട്ടോസ്, യൂട്യൂബ്, സെർച്ച്, മാപ്പ്സ്, ഷോപ്പിങ്, ഫ്ലൈറ്റ്സ്, ഹോട്ടൽസ്, ട്രാൻസ്ലേറ്റ്, ന്യൂസ്, ജെമിനി എന്നിവയുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. വ്യക്തിഗത ജിമെയിൽ അക്കൗണ്ടുകൾ മാത്രമാണ് ഇപ്പോൾ പിന്തുണയ്ക്കുന്നത്ബിസിനസ്, എന്റർപ്രൈസ് അക്കൗണ്ടുകൾ ലഭ്യമല്ല. ഈ കണക്ഷനുകൾ നിർബന്ധമല്ലെന്നും ഉപയോക്താവിന് ആവശ്യാനുസരണം തിരഞ്ഞെടുക്കാമെന്നും കമ്പനി വ്യക്തമാക്കി.

ദിവസത്തിൽ മൂന്ന് തവണയാണ് ഫീഡ് പുതുക്കുന്നത്. വായിക്കാനുദ്ദേശിച്ച പുസ്തകങ്ങൾ, വാരാന്ത്യത്തിൽ പോകാവുന്ന ഭക്ഷണശാലകൾ, യാത്രാ നിർദേശങ്ങൾ തുടങ്ങിയവ ഇതിൽ പ്രത്യക്ഷപ്പെടാം. ഓരോ നിർദേശത്തോടും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിക്കാൻ ജെമിനി മാതൃകയിലുള്ള ചാറ്റ്ബോട്ടും ലഭ്യമാണ്. ഉള്ളടക്കങ്ങൾ പിന്നീട് വായിക്കാൻ സേവ് ചെയ്യാം .ലൈക്ക്, ഡിസ്ലൈക്ക് എന്നിവ നൽകിയും നിർദേശങ്ങളുടെ സ്വഭാവം ക്രമീകരിക്കാം.

ചില വിഷയങ്ങൾ കൂടുതലായോ കുറവായോ കാണിക്കാനുള്ള സൗകര്യവുമുണ്ട്. ഉറവിട വിവരങ്ങൾ ഉപയോക്താവ് നീക്കം ചെയ്താൽ അതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽനിന്നും ആ വിവരം ഒഴിവാക്കുന്ന സംവിധാനമുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.

നിലവിൽ നിർദേശങ്ങൾ നൽകുന്നതിലാണ് ആപ്പിന്റെ പ്രധാന ശ്രദ്ധ. ഭാവിയിൽ ഭക്ഷണശാലകളുടെ നിർദേശങ്ങളിൽനിന്ന് നേരിട്ട് ബുക്കിങ് നടത്തുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ നിലവിലെ ഗൂഗിൾ ഡിസ്കവർ ഫീഡിന് പകരമായി ഡ്രീംബീൻസ് ലഭ്യമാക്കുന്നതും പരിഗണിക്കാവുന്ന സാധ്യതയാണ്. വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചുള്ള നിർദേശങ്ങൾ കൂടുതൽ പ്രയോജനകരമാകുമോ, അതോ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുമോ എന്നതും ആപ്പിന്റെ വളർച്ചയ്ക്കൊപ്പം ശ്രദ്ധിക്കപ്പെടും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4