തിരുവല്ല / പരുമല :
ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരുടെയും നിർദേശപ്രകാരം ചെയ്യേണ്ടതല്ലെന്നും സ്വന്തം ബോധ്യത്തിലും മനസ്സിന്റെ താൽപര്യത്തിലുമാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും നടൻ മമ്മൂട്ടി.
സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ദൈവം കാരുണ്യവാനാണെന്ന് വിശ്വസിക്കുന്നവർ സഹജീവികളോട് കാരുണ്യത്തോടെ പെരുമാറണമെന്നും മമ്മൂട്ടി ഓർമിപ്പിച്ചു. ദൈവം നേരിട്ട് എത്തി ആർക്കും സഹായം നൽകില്ലെന്നും പകരം കാരുണ്യമുള്ള മനുഷ്യരിലൂടെ മറ്റുള്ളവരെ സഹായിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹജീവികളോടുള്ള കരുണയും സ്നേഹവുമാണ് യഥാർഥ ദൈവസ്നേഹവും ഭക്തിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളികളിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിലും ഭക്തിയുടെ ഭാഗമായി സമർപ്പിക്കുന്ന ഓരോ പൈസയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞു.