കോഴിക്കോട് :
മധ്യപ്രദേശ് സ്വദേശിയായ നവീന് സിംഗ് ബധോരിയയെയാണ് പന്തീരാങ്കാവ് ടോള് പ്ലാസ മാനേജര് നല്കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് അറസ്റ്റ് ചെയ്തത്. ടോള് പ്ലാസയിലെ സിസ്റ്റം ദുരുപയോഗം ചെയ്താണ് പ്രതിയും സംഘവും തട്ടിപ്പ് നടത്തിയത്.
ടോള് പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില് നിന്ന് കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് എത്തോണ്ട പണം, തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് അനധികൃതമായി വകമാറ്റിയാണ് പ്രതികള് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. സംഭവത്തില് നേരിട്ട് പങ്കുള്ള മറ്റ് അഞ്ചുപേരുള്പ്പെടെ ആറു ജീവനക്കാര്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ഇത്തരത്തില് ജീവനക്കാര് ചേര്ന്ന് തട്ടിയെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില് കണ്ടെത്തിയിട്ടുള്ളത്. ടോള് പ്ലാസയില് നിന്നുള്ള വരുമാനത്തില് പെട്ടെന്നുണ്ടായ കുറവിനെ തുടര്ന്ന് അധികൃതര് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ ക്രമക്കേട് പുറത്തുവരുന്നത്.
ടോള് ബൂത്തുകളിലൂടെ ഫാസ്റ്റ് ടാഗ് സൗകര്യമില്ലാതെ അല്ലെങ്കില് സാങ്കേതിക തടസ്സങ്ങള് കാരണം ഫാസ്റ്റ് ടാഗ് പ്രവര്ത്തിക്കാതെ കടന്നുപോകുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ജീവനക്കാരുടെ തട്ടിപ്പ്. ഇത്തരം വാഹനങ്ങളില് നിന്ന് ഡിജിറ്റല് മാര്ഗ്ഗത്തിലൂടെ ടോള് തുക ഈടാക്കുമ്പോഴാണ് ഇവര് കൃത്രിമം കാണിച്ചിരുന്നത്.
യാത്രക്കാരോട് ടോള് തുക ഡിജിറ്റലായി അടയ്ക്കാന് ആവശ്യപ്പെടുകയും, കമ്പനിയുടെ ഔദ്യോഗിക ക്യു.ആര് കോഡിന് പകരം പ്രതികള് സ്വന്തമായി തയ്യാറാക്കിയ സ്വകാര്യ ക്യു.ആര് കോഡ് സ്കാനറുകള് കാണിച്ച് പണം സ്വീകരിക്കുകയുമായിരുന്നു. ഡിജിറ്റല് പേയ്മെന്റ് നടത്തുന്ന യാത്രക്കാര് തുക കമ്പനിയിലേക്കാണ് പോകുന്നതെന്ന വിശ്വാസത്തില് സ്കാന് ചെയ്ത് പണം കൈമാറുകയും ചെയ്തു.
ഇത്തരത്തില് ശേഖരിക്കുന്ന പണം ടോള് പ്ലാസയുടെ മെയിന് സെര്വറിലോ കണക്കുകളിലോ രേഖപ്പെടുത്താതെ നേരിട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രമമായി എത്തുകയായിരുന്നു. പ്രതികള് പരസ്പരം ഒത്തുകളിച്ചാണ് ഓരോ ഷിഫ്റ്റിലും തട്ടിപ്പ് തുടര്ന്നത്.
പ്രതിദിനം വന്തോതില് വാഹനങ്ങള് കടന്നുപോകുന്ന പന്തീരാങ്കാവ് ടോള് പ്ലാസയിലെ കളക്ഷന് തുകയില് വലിയ തോതില് വ്യത്യാസം കണ്ടതിനെ തുടര്ന്നാണ് കമ്പനി അധികൃതര്ക്ക് സംശയം തോടങ്ങിയത്. തുടന്ന് ടോള് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റല് ട്രാന്സാക്ഷന് രേഖകളും പരിശോധിച്ചപ്പോഴാണ് സ്വകാര്യ ക്യു.ആര് കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യക്തമായത്.
സംഭവത്തില് കൂടുതല് ജീവനക്കാര്ക്ക് പങ്കുണ്ടോ എന്നും, ഇത്തരം രീതികള് മറ്റ് ടോള് പ്ലാസകളില് നടക്കുന്നുണ്ടോ എന്നും പൊലീസ് സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്.
നാഷണല് ഹൈവേയിലെ പ്രധാന ടോള് പ്ലാസയിലുണ്ടായ ഈ ഡിജിറ്റല് തട്ടിപ്പ് മറ്റ് ടോള് കേന്ദ്രങ്ങളിലും വലിയ ജാഗ്രതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഔദ്യോഗിക സ്കാനറുകള് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന് കമ്പനികള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
തുടര്ന്ന് ഒളിവില് പോയ മറ്റ് അഞ്ചു പ്രതികള്ക്കായി പൊലീസ് തെരച്ചില് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
ടോൾ കമ്പനിക്കും യാത്രക്കാർക്കും ഒരുപോലെ വഞ്ചന ; പന്തീരാങ്കാവ് ടോൾ പ്ലാസയിലെ ലക്ഷങ്ങളുടെ തട്ടിപ്പിൽ പ്രധാന ജീവനക്കാരൻ അറസ്റ്റിൽ !!
Advertisement
Advertisement
Advertisement