breaking news New

കോട്ടയം ക്‌നാനായ അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. തോമസ് ആനിമൂട്ടില്‍ നിയമിക്കപ്പെട്ടു

സീറോ മലബാര്‍ സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയം ഈ നിയമന ഉത്തരവ് വായിച്ചു. 2026 ഓഗസ്റ്റ് 17 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ച മെത്രാന്‍ സിനഡാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ഫാ.തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കല്‍പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും ചേര്‍ന്നു ഫാ.തോമസ് ആനിമൂട്ടിലിനെ മെത്രാന്റെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. നിയുക്ത മെത്രാന്റെ സ്ഥാനാരോഹണ തീയതി പിന്നീട് അറിയിക്കും.

കണ്ണൂര്‍ പയ്യാവൂര്‍ ആനിമൂട്ടില്‍ കുടുംബാംഗമായ പുതിയ ബിഷപ്പ്, പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ പുത്രനായി 1962 ജനുവരി 13-നാണ് ജനിച്ചത്. കോട്ടയം സ്റ്റീവ്സ്റ്റാവോസ് മൈനര്‍ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം 1989 ഏപ്രില്‍ 13-ന് ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍ നിന്നും കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി.

തുടര്‍ന്ന് റോമിലെ അത്തനേയോ റോമാനോ സാന്റാ ക്രോസൈയില്‍ നിന്ന് കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റ് നേടി. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ആഞ്ചലസില്‍ നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യുക്കേഷന്‍ പൂര്‍ത്തിയാക്കി. അമേരിക്കയില്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറായും ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ സ്പിരിച്വല്‍ ഡയറക്ടറായും ശുശ്രൂഷചെയ്തു.

11 വര്‍ഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ എന്ന നിലയിലും സേവനം ചെയ്തു. അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികെയാണ് നിര്‍ണ്ണായകമായ പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.അതിരൂപത ട്രെബ്യൂണല്‍ ജഡ്ജിയായും, ചാന്‍സലറായും തുടങ്ങി നിരവധി പ്രമുഖ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതയുടെ മുഖ്യവികാരി ജനറാലായി ശുശ്രൂഷ ചെയ്തു വരവേയാണ് പുതിയ നിയോഗം.

ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായ കോട്ടയം അതിരൂപതയില്‍ ഇതിതോടെ മൂന്ന് സഹായ മെത്രാന്മാരായി. മാര്‍ ജോസഫ് പണ്ടാശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരാണ് മറ്റ് രണ്ട് സഹായ മെത്രാന്മാര്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4