breaking news New

ഫോമാ 20-20 ഹൗസിങ് പ്രോജക്ടിന് തുടക്കം ; ആദ്യ വീടിന് അഡ്വ. വര്‍ഗീസ് മാമന്‍ എം.എല്‍.എ പത്തനംതിട്ട തിരുവല്ലയില്‍ തറക്കല്ലിട്ടു

തിരുവല്ല: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച 'ഫോമാ 20-20 ഹൗസിങ് പ്രോജക്ടി'ന്റെ ആദ്യ വീടിന് തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമന്‍ തറക്കല്ലിട്ടു. ഫോമാ 2028-ല്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് 20 വീടുകള്‍ നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരിലുള്ള ചൂരക്കുട്ടിക്കല്‍ കുടുംബത്തിനുവേണ്ടിയാണ് പദ്ധതിയുടെ ആദ്യ വീട് നിര്‍മിക്കുന്നത്. ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായൊരു വീടൊരുക്കുക എന്നത് കേവലം ഒരു നിര്‍മാണപ്രവര്‍ത്തനമല്ല, മറിച്ച് അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതിയ അധ്യായം തുറക്കലാണെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ ഫോമാ മുന്നോട്ടുവയ്ക്കുന്നത്.

തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിച്ച അഡ്വ. വര്‍ഗീസ് മാമന്‍ എം.എല്‍.എ, അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ഫോമയുടെ ഭവനപദ്ധതിക്ക് ആശംസകള്‍ നേര്‍ന്നു.

വിദേശത്ത് താമസിക്കുമ്പോഴും കേരളത്തിന്റെ സാമൂഹികവും മാനുഷികവുമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടുന്ന അമേരിക്കന്‍ മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരങ്ങാട്ട്, കല്ലൂപ്പാറ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ അനില്‍ തോമസ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി ചാക്കോ, വാര്‍ഡ് മെമ്പര്‍ റ്റിബി സൂസന്‍ മാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോമയുടെ 2026-2028 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് 'ഫോമാ 20-20 ഹൗസിങ് പ്രോജക്ട്'. 2028-ല്‍ സംഘടനയുടെ ഇരുപതാം വാര്‍ഷികം പൂര്‍ത്തിയാകുമ്പോഴേക്കും കേരളത്തിലെ അര്‍ഹരായ 20 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുകയാണ് ലക്ഷ്യം. ഷിക്കാഗോയില്‍ നടന്ന സ്ഥാനാരോഹണ സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍ പദ്ധതിയുടെ ലക്ഷ്യവും പ്രാധാന്യവും വ്യക്തമാക്കിയിരുന്നു.

ഫോമാ കേരളത്തിന്റെ സാമൂഹികവും മാനുഷികവുമായ ആവശ്യങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടന കൂടിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കുക, ചികിത്സാ-വിദ്യാഭ്യാസ ആവശ്യങ്ങളില്‍ കൈത്താങ്ങാകുക, ഭവനരഹിതര്‍ക്ക് വീടുകള്‍ ഒരുക്കുക, സ്ത്രീശാക്തീകരണത്തിനും സാമൂഹിക സുരക്ഷയ്ക്കും പിന്തുണ നല്‍കുക തുടങ്ങിയ മേഖലകളില്‍ സംഘടന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇവയുടെ തുടര്‍ച്ചയായാണ് 'ഫോമാ 20-20 ഹൗസിങ് പ്രോജക്ട്'. സംഘടനയുടെ 20-ാം വാര്‍ഷികാഘോഷത്തെ സാമൂഹിക പ്രതിബദ്ധതയുടെയും സേവനത്തിന്റെയും അടയാളമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ്, ട്രഷറര്‍ പ്രദീപ് നായര്‍, വൈസ് പ്രസിഡന്റ് സാമുവല്‍ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ചൂരക്കുട്ടിക്കല്‍ കുടുംബത്തിന് ആശംസകള്‍ അറിയിച്ചു.

കുടുംബത്തിന്റെ പുതിയ ഭവനമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷം പങ്കുവച്ച നേതാക്കള്‍, അര്‍ഹരായ കൂടുതല്‍ കുടുംബങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും ഭാവുകങ്ങളും നേര്‍ന്നു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4