breaking news New

‘ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനാൽ’ ; ജി. സുധാകരൻ

ആലപ്പുഴ : ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവർ കേരളത്തിലുണ്ടെന്നും അതിന് ഉദാഹരണമാണ് ഈഴവ സമുദായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.

ഈഴവർ നടത്തുന്ന ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുമ്പോൾ പൂണൂൽ ധരിക്കുന്ന രീതിയുണ്ട്. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജകൾ ശരിയാകൂവെന്നാണ് ഈഴവരുടെ വിശ്വാസമെന്നും ആ സംസ്കാരം അറിയാതെ തന്നെ തുടരുകയാണെന്നും സുധാകരൻ പറഞ്ഞു.

ബ്രാഹ്മണ സമൂഹത്തിലെ സാമൂഹിക വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടും വി.ടി. ഭട്ടതിരിപ്പാടും എതിർത്തതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഇവർ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ് പോരാടിയത്. വി.ടി. ഭട്ടതിരിപ്പാട് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി പ്രവർത്തിച്ചെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഭരണഘടനയും നിയമങ്ങളും നിലവിൽ വന്നതോടെ ബ്രാഹ്മണ സമൂഹത്തിന്റെ ചില അവകാശങ്ങൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രാഹ്മണ സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലുമാണ് കഴിയുന്നതെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് നൽകണമെന്നും ജി. സുധാകരൻ ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4