മാവേലിക്കര: ആലപ്പുഴ മാങ്കാംകുഴിയിൽ ഒരു വയസ്സുകാരിയായ പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ.
അസം സ്വദേശി പരിതോഷ് മൊണ്ടേലിനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞും മുഖം തറയിൽ ഇടിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകം മറച്ചുവെച്ച് കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ പ്രതിയുടെ നീക്കം ഡ്യൂട്ടി ഡോക്ടറുടെ സംശയത്തോടെയാണ് പുറത്തായത്.
ഇന്നലെ രാത്രി പത്തരയോടെയാണ് പരിതോഷ് മൊണ്ടേലും ഒപ്പം താമസിക്കുന്ന റോണ്ട് വാലി എന്ന സ്ത്രീയും ഒരു വയസ്സുകാരിയായ ദീപികയുടെ മൃതദേഹവുമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിയത്. കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ പാടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. രാത്രി പത്തുമണിയോടെ മദ്യപിച്ചെത്തിയ പരിതോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതിനിടെ സ്ത്രീയുടെ മടിയിലിരുന്ന ഇളയ മകളെ ബലമായി പിടിച്ചുവാങ്ങി മുറിക്കുള്ളിൽ നിലത്തേക്ക് എറിയുകയും മുഖം തറയിൽ ഇടിപ്പിക്കുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കുഞ്ഞിന് അനക്കമില്ലെന്ന് മനസ്സിലായതോടെയാണ് ഇരുവരും ആശുപത്രിയിലെത്തിയത്. കുട്ടിയുടെ സഹോദരിയെയും പരിതോഷ് ഉപദ്രവിക്കാൻ ശ്രമിച്ചതായി റോണ്ട് വാലി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാങ്കാംകുഴിക്ക് സമീപമുള്ള വാടകവീട്ടിൽ കഴിഞ്ഞ 28നാണ് കുടുംബം താമസത്തിനെത്തിയത്. റോണ്ട് വാലി തന്റെ ഭാര്യയാണെന്നാണ് പരിതോഷ് നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
അസം ഗുവാഹത്തി സ്വദേശിയായ പരിതോഷ് മൈക്കാട് തൊഴിലാളിയാണ്. അറസ്റ്റിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മദ്യലഹരിയിൽ ക്രൂരതയുടെ അങ്ങേയറ്റം ; ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി രണ്ടാനച്ഛൻ ! ആശുപത്രിയിലെത്തിച്ചത് മൃതദേഹമായി : ഡോക്ടറുടെ സംശയത്തിൽ കൊടുംക്രൂരത പുറത്ത് !!
Advertisement
Advertisement
Advertisement