breaking news New

കോട്ടയത്ത് നടത്തിയ കോടികളുടെ നിരോധിത പുകയില ഉൽപ്പന്ന വേട്ടയുടെ തുടർച്ചയായി പെരുമ്പാവൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപത്തെ ഗോഡൗണുകളിൽ കാലിത്തീറ്റ ചാക്കുകൾ എന്ന വ്യാജേന ഒളിപ്പിച്ചു വെച്ചിരുന്ന 26,250 പാക്കറ്റ് ഹാൻസ് ആണ് എക്സൈസ് സ്ക്വാഡ് പിടിച്ചെടുത്തത്.

സംസ്ഥാനവ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ കോട്ടയത്ത് നടത്തിയ റെയ്ഡിൽ 1.30 കോടി രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. ഈ കേസിലെ തുടർ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പെരുമ്പാവൂരിലെ പ്രധാന വിതരണ കേന്ദ്രത്തെക്കുറിച്ച് എക്സൈസിന് നിർണായക സൂചന ലഭിക്കുന്നത്.

പെരുമ്പാവൂർ ലോറി സ്റ്റാൻഡിനോട് ചേർന്ന് പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലായിരുന്നു എക്സൈസിന്റെ റെയ്ഡ്. രാത്രികാലങ്ങളിൽ എത്തുന്ന ലോറികളിൽ കാലിത്തീറ്റ ചാക്കുകൾ എന്ന വ്യാജേനയാണ് ഹാൻസ് ചാക്കുകളിലാക്കി ഇവിടെ എത്തിച്ച് സൂക്ഷിച്ചിരുന്നത്. തുടർന്ന് ഗോഡൗൺ ഉടമയെ സ്ഥലത്തുവരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കെട്ടിടത്തിന്റെ താഴ് തകർത്താണ് എക്സൈസ് അകത്തുകയറിയത്.

കേസുമായി ബന്ധപ്പെട്ട് കോട്ടയം, കൊല്ലം സ്വദേശികളായ പ്രധാന പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് അറിയിച്ചു. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4