കോട്ടയം : ഓണക്കാലത്ത് ‘ഓണപ്പടി’ എന്നറിയപ്പെടുന്ന കൈക്കൂലി രീതിക്ക് എക്സൈസിനുള്ളിൽ ‘കോംപ്ലിമെന്റ് സിസ്റ്റം’ എന്നാണ് വിളിപ്പേര്. കമ്മിഷണർ ശീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ രഹസ്യ പരിശോധന നടക്കുന്നതിനിടെയാണ് നിർണായക തെളിവ് ലഭിച്ചത്.
ചങ്ങനാശ്ശേരിയിലെ ഇടനിലക്കാരന്റെ വീട്ടിൽ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഇയാളുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറിന്റെ വാട്‌സാപ്പ് കോൾ എത്തുകയായിരുന്നു. കമ്മിഷണർ സ്ഥലത്തുണ്ടെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പായിരുന്നു ഫോൺവിളി. ഇതിന്റെ ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവായി കമ്മിഷണർ രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ ഡെപ്യൂട്ടി കമ്മിഷണർ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളും വിവരങ്ങളും നീക്കം ചെയ്താണ് ഹാജരാക്കിയത്. എന്നാൽ ഇടപാടുകാരന്റെ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ കാണിച്ചതോടെ, വിവരങ്ങൾ താൻ തന്നെയാണ് നശിപ്പിച്ചതെന്ന് അശോക് കുമാർ സമ്മതിക്കുകയും ചെയ്തു.
കോട്ടയത്തെ ചില ബാറുകൾ സമയക്രമം ലംഘിച്ച് പ്രവർത്തിക്കുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പിരിവ് നടത്തുന്നതായും മന്ത്രിക്ക് ഉൾപ്പെടെ പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മന്ത്രി എം. ലിജു കോട്ടയം ജില്ലയുടെ പേര് എടുത്തുപറഞ്ഞ് വഴിവിട്ട ഇടപാടുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യ ഓപ്പറേഷന് നിർദേശം നൽകിയത്.
ചങ്ങനാശ്ശേരി ന്യൂയോർക്ക് സ്‌ക്വയർ ബാറിലെയും പഞ്ചവടി ബാറിലെയും മാനേജർമാരിൽ നിന്ന് മൊഴിയെടുത്തു. നാല് ബാറുകളിൽ നിന്നായി അശോക് കുമാർ 55,000 രൂപ കൈപ്പറ്റിയതായും സിവിൽ എക്സൈസ് ഓഫീസർമാരായ എ.എസ്. വിശാഖും ലാലു തങ്കച്ചനും നാല് കവറുകളിലായി 26,000 രൂപ കൈപ്പറ്റിയതായും മൊഴി ലഭിച്ചു. ബാറുകളിലെയും ഹോട്ടലുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മൊഴികൾ സ്ഥിരീകരിച്ചു.
എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൊണ്ടുപോകുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. മദ്യക്കടത്തും പണപ്പിരിവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഫോൺ വിളികളുടെ വിവരങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തുകയും ചെയ്തു. മൂന്നുദിവസം മുമ്പ് കമ്മിഷണർ കോട്ടയത്തെത്തി ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത് രഹസ്യമായി നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. വിവരങ്ങൾ ചോരാതിരിക്കാൻ കർണാടകയിലേക്ക് പോകുകയാണെന്ന് അറിയിച്ചശേഷം ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് തിരുവനന്തപുരത്തുനിന്ന് കമ്മീഷണർ കോട്ടയത്തെത്തിയത്.
മന്ത്രിയുടെ അറിവോടെ ഒരു മാസത്തോളം രഹസ്യ നീക്കം ; കോട്ടയത്തെ ‘അഴിമതി വീരന്മാരെ’ കുടുക്കി എക്സൈസ് കമ്മിഷണറും വിശ്വസ്ത സംഘവും!
Advertisement
Advertisement
Advertisement