മലപ്പുറം : സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 13കാരന് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് മുന്നിലായിരുന്നു പ്രതിഷേധം.
വീടിന് സമീപത്തെ വയലിൽ കൂട്ടുകാർക്കൊപ്പം മീൻപിടിക്കാനെത്തിയതായിരുന്നു ജുനൈദ്. ഇതിനിടെ വയലിനരികിലെ സ്റ്റേ കമ്പിയിൽ തൊട്ടതോടെ കുട്ടിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ സ്പർശിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ജുനൈദിന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാനായി കൂട്ടുകാർ ഓടിയെത്തിയെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരൻ മുന്നറിയിപ്പ് നൽകിയതോടെ കുട്ടികൾ പിന്മാറി. ഇതോടെ കൂടുതൽ കുട്ടികൾക്ക് വൈദ്യുതാഘാതമേൽക്കാനുള്ള വലിയ അപകടം ഒഴിവായി.
ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
13കാരന്റെ ജീവനെടുത്ത അപകടത്തിൽ കെഎസ്ഇബിയുടെ ഉത്തരവാദിത്വവും സുരക്ഷാ വീഴ്ചയും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതം ; 13കാരന് ദാരുണാന്ത്യം ! കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
Advertisement
Advertisement
Advertisement