ആറ്റിങ്ങൽ: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആറ്റിങ്ങൽ മണനാക്ക് സ്വദേശി ആഷിക്കിനെയാണ് പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ. ആലംകോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാറിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതായി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഡ്രൈവർ നിർദേശം അവഗണിച്ച് മുന്നോട്ടുപായുകയായിരുന്നു.
വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ കാർ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണു. ഇതിനിടയിലും കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാൽ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സാഹസികമായി വാഹനം തടഞ്ഞുനിർത്തി യുവാവിനെ പിടികൂടുകയായിരുന്നു.
നിയമവിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് 42,000 രൂപ പിഴ ചുമത്തി. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അപായപ്പെടുത്താൻ ശ്രമിച്ചതിനും ആറ്റിങ്ങൽ പോലീസ് കേസെടുത്തു.
യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനെ കാറിടിച്ച് ബോണറ്റിലേക്ക് തെറിപ്പിച്ചു ; നിർത്താതെ രക്ഷപ്പെടാൻ ശ്രമം : നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ സാഹസികമായി പിടികൂടി
Advertisement
Advertisement
Advertisement