തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ സുധീറിനാണ് (38) അനുകൂല വിധി ലഭിച്ചത്. 6,55,341 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനാണ് ദുബായ് കോടതി ഉത്തരവിട്ടത്. ആറ് ലക്ഷം ദിര്‍ഹം പ്രധാന നഷ്ടപരിഹാരവും ബാക്കി തുക കോടതിച്ചിലവുകളുമാണ്. വിധി പ്രകാരമുള്ള തുക ഇന്‍ഷുറന്‍സ് കമ്പനി സുധീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.
2025 മേയില്‍ അജ്മാനില്‍ വെച്ചുണ്ടായ അപകടത്തിലാണ് സുധീറിന്റെ കാല്‍ നഷ്ടമായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനി വാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍, ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടപ്പാതയിലേക്ക് ഇടിച്ചുകയറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കമ്പനി സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന സുധീറിന് അപകടത്തില്‍ ഇടതുകാലിന് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ജബല്‍ അലിയിലെ എന്‍എംസി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കാലിന്റെ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടി വന്നു. കാല് പോയതോടെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നു.
ഇതോടെയാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ സുധീര്‍ തീരുമാനിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുധീര്‍. തുടര്‍ന്ന് ആയിഷ അല്‍ദഹേരി അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളി മുഖേന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സുധീര്‍ ദുബായ് കോടതിയില്‍ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ശാരീരിക-മാനസിക വിഷമതകള്‍, അംഗവൈകല്യം മൂലമുള്ള തൊഴില്‍നഷ്ടം, ഭാവിയിലെ വരുമാനനഷ്ടം, കുടുംബത്തിനുണ്ടായ കനത്ത സാമ്പത്തിക ബാധ്യതകള്‍ എന്നിവയാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.
കേസില്‍ പ്രാഥമിക കോടതി നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നെങ്കിലും ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് തുക ആറ് ലക്ഷം ദിര്‍ഹമായി അപ്പീല്‍ കോടതി ഉയര്‍ത്തിയത്. വിധി വന്നതോടെ കോടതിച്ചെലവ് ഉള്‍പ്പെടെയുള്ള തുക ഇന്‍ഷുറന്‍സ് കമ്പനി സുധീറിന് നല്‍കുകയായിരുന്നു. എന്നാല്‍, ജീവിതാവസാനം വരെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഈ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ദുബായ് കോര്‍ട്ട് ഓഫ് കാസേഷനില്‍ വീണ്ടും അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സുധീര്‍.
വാഹനാപകടത്തിൽ കാൽ നഷ്ടമായി : ജോലിയും പോയി ; മലയാളി യുവാവിന് 1.7 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി
Advertisement
Advertisement
Advertisement