breaking news New

പത്തനംതിട്ട ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് സമാപനം ; 5000 മീറ്ററിൽ മൂന്നാം സ്ഥാനം നേടി R ആനന്ദ് ഐപിഎസ്

പത്തനംതിട്ട:
കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റും കായികമേളയും ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു.

കായികമേളയിൽ ജില്ലാ പോലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും കൂടുതൽ ഉദ്യോഗസ്ഥർക്ക് കായികരംഗത്ത് കഴിവ് തെളിയിക്കാൻ അവസരം ഒരുക്കുന്നതിനും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് നേരിട്ട് നേതൃത്വം നൽകി.

ഡിവൈഎസ്പിമാർ, സി.ഐമാർ, എസ്.ഐമാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥർക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചിരുന്നു.

അടിയന്തര ഡ്യൂട്ടികളിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവരെ ഒഴിവാക്കി മറ്റെല്ലാ ഉദ്യോഗസ്ഥർക്കും മീറ്റിൽ പങ്കെടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോലീസ് സേനയിലെ കായികാഭിരുചിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജില്ലാ പോലീസ് മേധാവിയുടെ ഈ ഇടപെടൽ കായികമേളയ്ക്ക് കൂടുതൽ ആവേശം പകർന്നു.

മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ നടന്ന 5000 മീറ്റർ ഓട്ടമത്സരത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് പങ്കെടുത്തിരുന്നു. അദ്ദേഹം മൂന്നാം സ്ഥാനം കരസ്ഥമാക്കി. അന്തർദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള മൂഴിയാർ എസ്.എച്ച്.ഓ രവീന്ദ്രൻ ഒന്നാം സ്ഥാനം നേടി.

വിവിധ ഇനങ്ങളിലെ ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. വാശിയേറിയ വടംവലി മത്സരത്തിൽ ജില്ലാ പോലീസ് ഓഫീസ് ഒന്നാം സ്ഥാനം നേടി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ തിരുവല്ല സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ രാഹുൽ രവീന്ദ്രൻ മീറ്റിലെ വേഗമേറിയ താരമായും തിരുവല്ലയിലെ മഞ്ജുമോൾ വേഗമേറിയ വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ. ജെ. ഹിമേന്ദ്രനാഥ് ഐപിഎസ് കായികമേള വീക്ഷിക്കാനെത്തി. വൈകുന്നേരം നടന്ന മാർച്ച് പാസ്റ്റിൽ ജില്ലാ പോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസും അഡീഷണൽ ജില്ലാ പോലീസ് ഓഫീസർ ആർ. ജയരാജും വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നേതൃത്വത്തിലും , അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ ജയരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമത്തിലുമാണ് കായികമേളയുടെ സംഘാടനം വിജയകരമായി പൂർത്തിയാക്കിയത്.

പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ കായികക്ഷമത, ആരോഗ്യബോധം, അച്ചടക്കം, ടീം സ്പിരിറ്റ്, പരസ്പര സൗഹൃദം എന്നിവ വളർത്തുന്നതിനും സേനയിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനും മീറ്റിലൂടെ സാധിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4