പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണത്തിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിൽ നിർണായക രേഖകൾ പുറത്തുവിട്ട് അബിൻ വർക്കി.
പാലത്തിനായി ആദ്യമായി ഫണ്ട് അനുവദിച്ചതും പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതും മുൻ എംഎൽഎ കെ. ശിവദാസൻ നായരുടെ ഇടപെടലിലൂടെയാണെന്ന് തെളിയിക്കുന്ന 2013ലെ സർക്കാർ ഉത്തരവുകളാണ് അദ്ദേഹം പുറത്തുവിട്ടത്.
2012-13 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കോഴഞ്ചേരി പാലത്തിനായി ആദ്യമായി രണ്ട് കോടി രൂപ അനുവദിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നതായി അബിൻ വർക്കി പറഞ്ഞു. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനമന്ത്രിയുമായിരുന്ന കാലത്ത് ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്. 2013 മാർച്ച് 13നാണ് ഇതുസംബന്ധിച്ച ഭരണാനുമതി ഉത്തരവ് പുറത്തിറങ്ങിയത്.
പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളായ രൂപരേഖ തയ്യാറാക്കൽ, അതിർത്തി നിർണയം, മണ്ണ് പരിശോധന തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ തുക നീക്കിവെച്ചത്. 39 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കുകയും മണ്ണ് പരിശോധനയ്ക്ക് അംഗീകാരം ലഭിച്ചതിനു പിന്നാലെ ജനറൽ ഡിസൈൻ ഡ്രോയിംഗ് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാൻ 1.30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് 2015 ഫെബ്രുവരി 11ന് ഭാഗിക സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയായാണ് പിന്നീട് കൂടുതൽ ഫണ്ട് അനുവദിച്ച് 2018ൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതെന്നാണ് അബിൻ വർക്കിയുടെ വിശദീകരണം.
പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിലും തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് ആദ്യമായി ഫണ്ട് അനുവദിച്ച സമയത്തെ എംഎൽഎയായ കെ. ശിവദാസൻ നായരെയും നിർമ്മാണഘട്ടത്തിൽ മണ്ഡലത്തെ പ്രതിനിധീകരിച്ച വീണാ ജോർജിനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാനായിരുന്നു തന്റെ തീരുമാനമെന്ന് അബിൻ പറഞ്ഞു. വികസന പദ്ധതികളുടെ പേരിൽ രാഷ്ട്രീയ തർക്കം വേണ്ടെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മുൻകാലങ്ങളിൽ ഇടതുപക്ഷം ഇത്തരം രാഷ്ട്രീയ മര്യാദകൾ കാണിച്ചിട്ടില്ലെന്നും അബിൻ ആരോപിച്ചു. 2016ൽ ആഞ്ഞിലിമൂട്ടിൽ കടവ് പാലം ഉദ്ഘാടനം ചെയ്തപ്പോൾ നിർമ്മാണം പൂർത്തീകരിച്ച സമയത്തെ എംഎൽഎയായിരുന്ന ശിവദാസൻ നായരെ ക്ഷണിക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മണ്ഡലത്തിലെ വികസന പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന വിമർശനം നേരത്തെയും ഉയർന്നിരുന്നു. മുൻ എംഎൽഎ എന്ന നിലയിൽ വികസന പരിപാടികളിൽ തന്നെ പങ്കെടുപ്പിക്കാതിരുന്നുവെന്ന് ശിവദാസൻ നായരും ആരോപിച്ചിരുന്നു.
'സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും' എന്ന പരിഹാസത്തോടെയാണ് അബിൻ വർക്കി രേഖകൾ പുറത്തുവിട്ടത്. സർക്കാർ രേഖകൾ തന്നെ തന്റെ വാദത്തിന് തെളിവാണെന്നും പാലത്തിന്റെ പേരിലുള്ള രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രേഖകൾ പുറത്തുവന്നതോടെ കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണ ചരിത്രവും വികസന പദ്ധതികളുടെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കവും വീണ്ടും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. പാലത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആരൊക്കെ പങ്കുവഹിച്ചു എന്നതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ആറന്മുളയിലെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മാനം നൽകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ ക്രെഡിറ്റ് തർക്കം : 2013ലെ സർക്കാർ ഉത്തരവുകൾ പുറത്തുവിട്ട് അബിൻ വർക്കി ; ശിവദാസൻ നായരുടെ പങ്ക് ചൂണ്ടിക്കാട്ടി രാഷ്ട്രീയ പോര് കടുപ്പിക്കുന്നു !
Advertisement
Advertisement
Advertisement