breaking news New

ചൂര മീൻ അച്ചാർ വില്ലനായോ ? പുഴുങ്ങിയ മരച്ചീനിയും മീൻ അച്ചാറും കഴിച്ചതിന് പിന്നാലെ കടുത്ത ഛർദ്ദിയും അസ്വസ്ഥതയും ; ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :
മംഗലപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനി ധന്യ (38) ആണ് മരിച്ചത്. ജോലി ആവശ്യങ്ങൾക്കായി കണിയാപുരത്തുള്ള വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

ബുധനാഴ്ച വൈകിട്ടോടെ വാടകവീട്ടിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവർക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടത്. ചൂര മീൻ അച്ചാറും പുഴുങ്ങിയ മരച്ചീനിയുമായിരുന്നു ഇവർ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറയുന്നു. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ കടുത്ത ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയായിരുന്നു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ തന്നെ കുടുംബാംഗങ്ങൾ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ നിന്നുള്ള അലർജിയോ അതോ വിഷബാധയോ ആണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല.

പോലീസ് സംഭവത്തിൽ ആവശ്യമായ നിയമനടപടികളും ഇൻക്വസ്റ്റും പൂർത്തിയാക്കി. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം മണലിമുക്കിലെ കുടുംബവീട്ടുവളപ്പിൽ സംസ്കരിച്ചു. ശ്രീജിത് ആണ് പരേതയായ ധന്യയുടെ ഭർത്താവ്. മകൾ: ശ്രദ്ധ.

ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണോ അസ്വസ്ഥതയ്ക്ക് കാരണമെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4