ശബരിമലയിലെ സ്വർണക്കൊള്ള, നെയ്യ് ക്രമക്കേട് ഉൾപ്പെടെയുള്ള സാമ്പത്തിക വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കു പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വീണ്ടും വിവാദത്തിലാക്കി ആസ്ഥാന ഓഫീസിലെ വനിതാ ജീവനക്കാരിയുടെ പീഡന പരാതി.
ഉന്നത സ്വാധീനമുള്ള ഉദ്യോഗസ്ഥനെതിരെ പ്രധാന ചുമതല വഹിക്കുന്ന വനിതാ ജീവനക്കാരി സംസ്ഥാന വനിതാ കമ്മീഷനെ നേരിട്ട് സമീപിച്ചതായാണ് വിവരം. ദേവസ്വം ബോർഡിന്റെ ഭരണസംവിധാനത്തിനുള്ളിൽ തന്നെ വനിതാ ജീവനക്കാരിയുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം വലിയ ചർച്ചയായിരിക്കുകയാണ്.
മുൻപ് ലക്ഷക്കണക്കിന് രൂപയുടെ യാത്രാപ്പടി ബില്ലുകളിൽ ക്രമക്കേട് നടത്തിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥനെതിരെയാണ് ഇപ്പോൾ പുതിയ പീഡനാരോപണവും ഉയർന്നിരിക്കുന്നത്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ഇയാൾക്കെതിരെ വിജിലൻസ് റിപ്പോർട്ട് പ്രതികൂലമായിരുന്നുവെന്നാണ് ആരോപണം. ഇതൊക്കെയായിട്ടും സർവീസ് ചട്ടങ്ങൾ മറികടന്ന് ബോർഡിലെ നിർണായക ഭരണചുമതലകളിൽ ഇയാൾ സ്വാധീനം തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം.
തൊഴിലിടത്തിലെ സുരക്ഷിതത്വവും മാന്യതയും ചോദ്യം ചെയ്യപ്പെട്ടതോടെയാണ് വനിതാ ജീവനക്കാരി വനിതാ കമ്മീഷനെ സമീപിച്ച് പരാതി നൽകിയത്. സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷനെ നേരിട്ട് സമീപിച്ചതെന്നാണ് സൂചന.
സിപിഎം യൂണിയൻ നേതാവായിരുന്ന ഇയാൾ പിന്നീട് സിപിഐ യൂണിയനിലേക്ക് മാറിയതിനു പിന്നാലെയാണ് വിവാദങ്ങളിൽപ്പെട്ടിരുന്ന ഒരു ബോർഡ് അംഗത്തിന്റെ പേഴ്സണൽ സെക്രട്ടറിയായി നിയമിതനായതെന്ന ആരോപണവും ഉയരുന്നുണ്ട്.
നിലവിലെ ബോർഡ് അംഗത്തിന്റെ ഓഫീസിലും ഇയാൾക്ക് നിർണായക സ്വാധീനമുണ്ടെന്നാണ് ആക്ഷേപം. നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാന ഭരണചുമതലകളിൽ നിന്ന് ഇയാളെ മാറ്റിനിർത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നും വിമർശനമുണ്ട്.
സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഇരട്ട പദവിയും അധികാര സ്വാധീനവുമാണ് പരാതിക്കാരിക്കെതിരായ നടപടികൾക്ക് വഴിവെച്ചതെന്നാണ് ആരോപണം. ആസ്ഥാന ഓഫീസിലെ നിർണായക ഭരണപരമായ തീരുമാനങ്ങളിൽ പോലും ഇയാൾ ഇടപെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ദേവസ്വം ബോർഡിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ പരാതി ഉയർന്നിട്ടും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വിഷയത്തിൽ അറിഞ്ഞിട്ടുണ്ടോ, നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ ഭരണനേതൃത്വത്തിന്റെ നിലപാട് എന്താണെന്നറിയാൻ ജീവനക്കാരും പൊതുസമൂഹവും കാത്തിരിക്കുകയാണ്.
വനിതാ കമ്മീഷനിൽ പരാതി നൽകിയ വിവരം പുറത്തുവന്നതോടെ വിഷയം ഒതുക്കിത്തീർക്കാനും അന്വേഷണം തടസ്സപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്. ബോർഡിലെ ഉന്നതരുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വനിതാ ജീവനക്കാരിക്കു മേൽ രാഷ്ട്രീയ-ഭരണ സമ്മർദ്ദം ചെലുത്താൻ നീക്കമുണ്ടെന്ന ആരോപണവും ശക്തമാണ്. എന്നാൽ ഈ ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ബോർഡിലെ ഔദ്യോഗിക ഫയലുകളിലും ഭരണപരമായ കുറിപ്പുകളിലും ഇയാൾ തയ്യാറാക്കുന്ന നിർദേശങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങൾ നിലവിലുണ്ടായിരിക്കെ വനിതാ ജീവനക്കാരിക്ക് വനിതാ കമ്മീഷനെ നേരിട്ട് സമീപിക്കേണ്ടിവന്ന സാഹചര്യം ഗൗരവത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
വനിതാ ജീവനക്കാരുടെ തൊഴിലിട സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്. പരാതിയിൽ വനിതാ കമ്മീഷൻ സ്വീകരിക്കുന്ന തുടർനടപടികളും ദേവസ്വം ബോർഡ് ഭരണസമിതിയുടെ പ്രതികരണവും നിർണായകമാകും.
അഴിമതി വിവാദങ്ങൾക്കു പിന്നാലെ ദേവസ്വം ബോർഡിൽ പീഡനാരോപണവും ; ഉന്നത ഉദ്യോഗസ്ഥനെതിരെ വനിതാ ജീവനക്കാരി വനിതാ കമ്മീഷനിൽ
Advertisement
Advertisement
Advertisement