breaking news New

ശബരിമലയിൽ ദർശന സൗകര്യങ്ങൾ വിപുലീകരിക്കുന്നു ; വെർച്വൽ ക്യൂ 60,000, സ്പോട്ട് ബുക്കിങ് 14,000, തിരക്ക് കൂടിയാൽ ബുക്കിങ് വർധിപ്പിക്കും

ശബരിമല : മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

നിലവിൽ വെർച്വൽ ക്യൂ വഴി 60,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 പേർക്കുമാണ് പ്രതിദിനം ദർശനത്തിന് അനുമതി. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സാഹചര്യമുണ്ടായാൽ കോടതിയുടെ അനുമതിയോടെ ബുക്കിങ് പരിധി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ഇടത്താവളങ്ങളുടെ നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് 3.36 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ഭക്തരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പമ്പ മുതൽ സന്നിധാനം വരെ അഞ്ച് അലോപ്പതി ആശുപത്രികളും 24 എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടെ 35 ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

പരിശീലനം ലഭിച്ച നഴ്‌സിങ് ജീവനക്കാരെയാണ് ഇത്തവണ എമർജൻസി മെഡിക്കൽ സെന്ററുകളിൽ നിയോഗിച്ചിരിക്കുന്നത്. മൂന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എൻറമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ലഭ്യമാകും.

നാല് തെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സേവനത്തോടെ ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും.

സന്നിധാനത്ത് അപ്പം, അരവണ പ്രസാദങ്ങൾക്ക് ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഭക്തരുടെ തിരക്കനുസരിച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സെക്ടർ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

തടസ്സമില്ലാത്ത കുടിവെള്ള, വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. മനഃപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആന്റിവെനം, ട്രാൻക്വിലൈസർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനോടകം 210 ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തതായും അറിയിച്ചു.

ഭക്തർക്കായി പമ്പയിൽ 15 ആംബുലൻസുകളും നിലയ്ക്കലിൽ 10 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് വർധിക്കുന്നതിനനുസരിച്ച് ചുക്കുവെള്ളം, ബിസ്‌കറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും നിർദേശമുണ്ട്.

പമ്പയിൽ കുളിക്കുന്ന ഭക്തർ ഉപയോഗിച്ച വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത വീണ്ടും ശ്രദ്ധയിൽപ്പെട്ടതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഇത് കർശനമായി നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

പുഴയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യാൻ വെള്ളത്തിലിറങ്ങി പ്രവർത്തിക്കാൻ സന്നദ്ധരായ കൂടുതൽ ആളുകളെ നിയോഗിക്കും. മൂന്ന് മണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനവും ഒരുക്കും. അന്നദാനം നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

യോഗത്തിൽ കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ, ബോർഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാർ, എഡിജിപി പി. വിജയൻ, സന്നിധാനം സ്പെഷ്യൽ ഓഫീസർ ജി. ജയദേവ്, എഡിഎം ദിലീപ് കെ. കൈനക്കര, എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ എന്നിവർ പങ്കെടുത്തു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4