മല്ലപ്പള്ളി :
ശക്തമായ മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയും, വൈദ്യുതി ലൈനുകളിലേക്ക് ഒടിഞ്ഞു വീണും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് ഉച്ച കഴിഞ്ഞാണ് ശക്തമായ കാറ്റ് വീശിയത്.
ഈ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലച്ചിരിക്കുകയാണ്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കടുവാക്കുഴി, ഈട്ടിക്കൽ പടി, ചെങ്ങരൂർ, ചേലക്കപ്പടി, ഇളപുങ്കൽ, പുതുശ്ശേരി, പൂവൻപാറ, പുല്ലുകുത്തി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആണ് മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വൈദ്യുതി പുനഃസ്ഥാപിക്കുവാനും, ഗതാഗത തടസ്സങ്ങൾ നീക്കുവാൻ ഉള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. മഴ തുടരുന്നതും, രാത്രിയാകുന്നതും പ്രവർത്തനങ്ങളെ നേരിയ തോതിൽ ബാധിക്കുന്നുണ്ട്.
ഇന്ന് 3pm മണിയോടു കൂടിയുണ്ടായ അതി ശക്തമായ കാറ്റിലും മഴയിലും മല്ലപ്പള്ളി സെക്ഷന്റെ പരിധിയിൽ മൂന്ന് 11 kv പോസ്റ്റുകളും 12 LT പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. 35 സ്ഥലങ്ങളിൽ കമ്പി പൊട്ടിയതായും ഫീൽഡിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. 40 ഓളം സ്ഥലത്ത് ലൈനിൽ മരം വീണിട്ടുണ്ട്. 25 ഓളം സ്ഥലത്ത് പോസ്റ്റ് ചരിഞ്ഞിട്ടുണ്ട്.
വൈദ്യുതി വിതരണം സാധാരണ നിലയിൽ ആകാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വന്നേക്കും. ലൈനിൽ വീണ മരങ്ങൾ പലതും വെട്ടി മാറ്റി. ഇനിയും വെട്ടി മാറ്റത്തതായി ലൈനിൽ വീണ മരങ്ങൾ ഉണ്ട്. കമ്പി പൊട്ടിയിട്ടുള്ള ട്രാൻസ്‌ഫോർമറുകളും പോസ്റ്റ് ഒടിഞ്ഞ ട്രാൻസ്‌ഫോർമാറുകളും ഓഫ് ചെയ്തു വച്ച ശേഷം ബാക്കി ചാർജ് ചെയ്യുന്നതാണ് എന്നും, ഉപഭോക്താക്കൾ ദയവായി സഹകരിക്കണമെന്നും കെഎസ്ഇബി മല്ലപ്പള്ളി സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.



