breaking news New

ഓൺലൈൻ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ സൈബർ കൊള്ള ; കേരളത്തിൽ തട്ടിപ്പ് സംഘങ്ങൾ സജീവം ! ആയിരത്തിൽ താഴെയുള്ള തുകകൾ ലക്ഷ്യമിട്ട് വലവിരിക്കുന്നു !

ആലപ്പുഴ : ഓൺലൈൻ വസ്ത്രവ്യാപാരത്തിന്റെ മറവിൽ കേരളത്തിൽ സൈബർ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുന്നു.

പ്രമുഖ വസ്ത്രസ്ഥാപനങ്ങളുടെ പേരും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ചെറിയ തുകകളാണ് ലക്ഷ്യമിടുന്നതെന്നതിനാൽ പലരും തട്ടിപ്പിനിരയായ വിവരം പോലും ഗൗരവത്തോടെ കാണുന്നില്ല.

ആയിരം രൂപയിൽ താഴെയുള്ള തുകകളാണ് പ്രധാനമായും തട്ടിപ്പിലൂടെ കൈക്കലാക്കുന്നത്. നഷ്ടപ്പെടുന്ന തുക ചെറുതായതിനാൽ പലരും പോലീസ് പരാതിയുമായി മുന്നോട്ടുപോകാറില്ല. എന്നാൽ ഇത്തരത്തിൽ നിരവധി പേരിൽനിന്ന് പണം തട്ടിയെടുക്കുന്നതിലൂടെ ദിവസേന ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പ് സംഘങ്ങൾ സമ്പാദിക്കുന്നതെന്നാണ് ആശങ്ക.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ആലപ്പുഴ ജില്ലയിൽ ഇരുപതോളം ഓൺലൈൻ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.

ആലപ്പുഴ ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സ്വപ്ന സിൽക്കിന്റെ പേരിലുള്ള വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. പണം നഷ്ടമായവർ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചു.

വിശ്വാസ്യതയില്ലാത്ത സോഷ്യൽ മീഡിയ പേജുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും വസ്ത്രങ്ങളും മറ്റ് ഉൽപ്പന്നങ്ങളും വാങ്ങുന്നത് അപകടകരമാണെന്ന് പോലീസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാൻ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

ദിവസേന നിരവധി സൈബർ തട്ടിപ്പ് വാർത്തകൾ പുറത്തുവരുമ്പോഴും മലയാളികൾ വീണ്ടും വീണ്ടും ഇത്തരം കെണികളിൽ വീഴുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. ആകർഷകമായ വിലക്കുറവും ഓഫറുകളും കണ്ട് കണ്ണടച്ച് പണം കൈമാറുന്ന പ്രവണത അവസാനിപ്പിക്കേണ്ട സമയമാണിത്.

ഓർക്കുക... ചെറിയ തുകയാണെന്ന് കരുതി തട്ടിപ്പിനെ നിസ്സാരവൽക്കരിക്കരുത്. ഓൺലൈൻ പർച്ചേസിന് മുമ്പ് സ്ഥാപനത്തിന്റെ ഔദ്യോഗിക അക്കൗണ്ടും വെബ്സൈറ്റും ഉറപ്പുവരുത്തുക. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അപരിചിതർക്ക് പണം കൈമാറുകയോ ചെയ്യരുത്.

നിങ്ങളുടെ പണം നിങ്ങളുടെ ഉത്തരവാദിത്വമാണ്. ജാഗ്രത കൈവിടരുത് . ഓൺലൈൻ തട്ടിപ്പുകാർക്ക് നിങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കാൻ അവസരം നൽകാതിരിക്കുക!

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിളിക്കേണ്ട ദേശീയ ഹെൽപ്പ്‌ലൈൻ നമ്പർ 1930 ആണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ടോൾ ഫ്രീ നമ്പറിലേക്ക് എത്രയും വേഗം വിളിക്കുന്നത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ സഹായിക്കും.

റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in



Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4