പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യപ്രേരണ കേസിൽ നിർണായക തെളിവായ യുവതി ജീവനൊടുക്കാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്ന് വെളിപ്പെടുത്തൽ.
ഷാൾ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മുറിയിൽ ഇല്ലെന്ന് നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് വിവരം. ഇതോടെ കേസിലെ അന്വേഷണത്തിലെ വീഴ്ചകളും തെളിവുകളുടെ സുരക്ഷയും വീണ്ടും ചർച്ചയാകുന്നു.
സുഹൈലിന്റെ അറസ്റ്റിലേക്ക് നയിച്ച ആത്മഹത്യാക്കുറിപ്പുകളെക്കുറിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെ ഏനാത്ത് പൊലീസിന്റെ വീഴ്ചകൾ വ്യക്തമാക്കുന്ന സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
യുവതിക്ക് ഭർത്താവിൽനിന്ന് മർദനമേറ്റ വിവരം പൊലീസ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. യുവതിക്ക് മർദനമേറ്റിട്ടുണ്ടെന്ന് സിഐ, എസ്ഐയോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് ഇതുസംബന്ധിച്ച സംഭാഷണം നടന്നത്.
പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 35കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈലിന്റെ സഹപ്രവർത്തകയായിരുന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുമ്പാണ് ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി സുഹൈലിനെ അറസ്റ്റ് ചെയ്തത്.
എന്നാൽ ഏനാത്ത് പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന സുഹൈലിന്റെ പരാതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഈ അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് കേസിലെ പൊലീസ് വീഴ്ചകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മരണത്തിന് മുമ്പ് യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നിർണായക തെളിവായ ഷാൾ കാണാതായതും ആത്മഹത്യാക്കുറിപ്പുകളിലെ ദുരൂഹതയും അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സുഹൈൽ അൻസാരി കേസിൽ നിർണായക തെളിവ് കാണാനില്ല : യുവതി ജീവനൊടുക്കാൻ ഉപയോഗിച്ച ഷാൾ എവിടെ ? പത്തനംതിട്ട ഏനാത്ത് പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണം
Advertisement
Advertisement
Advertisement