സന്നിധാനത്ത് നിലവിലുള്ള ദ്വാരപാലക ശില്‍പത്തിന്റെ ചെമ്പു പാളികള്‍ക്ക് കേവലം ഏഴ് വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്നാണ് ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തല്‍. പുരാവസ്തു എന്ന നിലയിലും ആത്മീയമൂല്യം കണക്കാക്കിയും ചിന്തിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന വില വാങ്ങിയാകാം ദ്വാരപാലക പാളികള്‍ വിറ്റതെന്ന സംശയം ബലപ്പെടുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ സര്‍ക്കാര്‍ ഉന്നതരുടെ പങ്കും ബലപ്പെടുത്തുന്ന കണ്ടെത്തലാണ് ഇത്.
2019 ആഗസ്ത് 20ന് പമ്പയില്‍ നിന്ന് കടത്തിയ ദ്വാരപാലക പാളികളുടെ അതേ രൂപത്തില്‍ വ്യാജപാളികള്‍ ഹൈദരാബാദിലാണ് നിര്‍മിച്ചതെന്നും തുടര്‍ന്ന് അവ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷൻസിൽ എത്തിച്ച് സ്വര്‍ണം പൂശുകയായിരുന്നു എന്നുമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിഗമനം.
1998ല്‍ യു ബി ഗ്രൂപ്പ് ഉടമ വിജയ് മല്യ 1900 കിലോഗ്രാം ചെമ്പു പാളികളിലായാണ് 30.3 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ് ശ്രീകോവില്‍ ചുവരുകളിലും മേല്‍ക്കൂരയിലുമായി സ്ഥാപിച്ചത്. 20 വര്‍ഷത്തിന് ശേഷം 2019ല്‍ ആണ് ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും തുടര്‍ന്ന് ദ്വാരപാലക പാളികളും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം പൂര്‍ണമായി ഇളക്കി മാറ്റി പകരം പേരിന് സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചത്.
2019 ആഗ്‌സത് 19, 20 തീയതികളിലായി ശബരിമല സന്നിധാനത്തു നിന്ന് ഇളക്കി മാറ്റിയ ദ്വാരപാലക പാളികള്‍ കാറില്‍ ആദ്യം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലും തുടര്‍ന്ന് ഹൈദരാബാദ് വഴി സപ്തംബര്‍ 30ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിക്കുകയായിരുന്നു. ശബരിമലയില്‍ നിന്ന് കേവലം 15-20 മണികൂറിനുള്ളില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കേണ്ട പാളികള്‍ 39 ദിവസം എവിടെയായിരുന്നു എന്ന സംശയം കേസിന്റെ തുടക്കം മുതലേ മാധ്യമങ്ങൾ ഉന്നയിച്ചിരുന്നു.
കൂടാതെ തങ്ങളുടെ കൈവശം ലഭിച്ചത് പുതിയ പാളികളായിരുന്നു എന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് നല്‍കിയ ആദ്യ മൊഴിയും സംശയത്തിന് ഇട നല്‍കിയിരുന്നു. എന്നാല്‍ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ പങ്കജ് ഭണ്ഡാരി മൊഴിമാറ്റി. ഇതിലെ ദുരൂഹതയും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൊഴി മാറ്റത്തിന് പിന്നില്‍ അന്നത്തെ സര്‍ക്കാര്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ് ഇപ്പോള്‍.
മാസങ്ങള്‍ക്ക് മുമ്പ് ജംഷഡ്പൂരിലെ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി പുറത്തുവിട്ട പരിശോധനാ റിപ്പോര്‍ട്ടിലാണ് ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷത്തെ പഴക്കമുണ്ടെന്ന വിവരം വ്യക്തമായത്. എന്നാല്‍ എസ്‌ഐടി ഈ വിവരം എന്തിന് രഹസ്യമാക്കി വച്ചെന്നതിലും ദുരൂഹതയുണ്ട്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാവാം ഇതിന് പിന്നിലെന്ന സംശയവും ശക്തമാണ്.
ശബരിമല സ്വർണക്കേസിൽ നിർണായക സ്ഥിരീകരണം ; ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കോടികൾക്ക് വിറ്റത് ഉണ്ണിക്കൃഷ്ണൻ പോറ്റിയും സംഘവും!
Advertisement
Advertisement
Advertisement