മരണവീട്ടിൽ പോലും മരിച്ചുപോയ വ്യക്തിയുടെ ഭക്ഷണരീതിയും ജീവിതശൈലിയും ആരോഗ്യശീലങ്ങളും ചർച്ച ചെയ്ത് കുറ്റപ്പെടുത്തുന്ന പ്രവണതയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ സിദ്ദിഖ്.
സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മരണവീട്ടിൽ എത്തിയ ചിലർ മരണം സംഭവിച്ചതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ചർച്ചകളിലായിരുന്നുവെന്ന് സിദ്ദിഖ് കുറിച്ചു. മരിച്ച വ്യക്തിക്ക് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നുവെന്നും അമിതവണ്ണവും വ്യായാമമില്ലായ്മയുമാണ് മരണത്തിന് കാരണമായതെന്നുമുള്ള തരത്തിലായിരുന്നു ചിലരുടെ വിലയിരുത്തലുകൾ.
മറ്റു ചിലരാകട്ടെ സ്വന്തം ആരോഗ്യശീലങ്ങളുടെ മേന്മ എടുത്തുപറഞ്ഞ് മരിച്ച വ്യക്തിയെ വിമർശിക്കാനും മടിച്ചില്ല. ജീവിച്ചിരിക്കുമ്പോൾ ഒരാളെക്കുറിച്ച് നല്ലത് പറയാൻ മടിക്കുന്നവർ മരണശേഷം അയാളെ വാനോളം പുകഴ്ത്തുന്നത് മറ്റുള്ളവരുടെ മുന്നിൽ നല്ലവരാകാനാണെന്നും സിദ്ദിഖ് പരിഹസിച്ചു.
മരണം ആരുടെയും കുറ്റമല്ലെന്നും ആരും അറിഞ്ഞുകൊണ്ട് മരണത്തെ വിളിച്ചുവരുത്തുന്നതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മരിച്ചുകിടക്കുന്ന ഒരാളെപ്പോലും കുറ്റപ്പെടുത്തുന്ന ഇത്തരം മനോഭാവം ഏറെ വേദനാജനകമാണെന്നും താരം ചൂണ്ടിക്കാട്ടി.
തന്റെ മരണശേഷം സുഹൃത്തുക്കളും ബന്ധുക്കളും ഇതുപോലെ ജീവിതശീലങ്ങൾ ചർച്ച ചെയ്ത് കുറ്റങ്ങൾ കണ്ടെത്തി സംസാരിക്കുമോ എന്ന ചിന്ത പോലും ഭയപ്പെടുത്തുന്നുവെന്നും സിദ്ദിഖ് കുറിച്ചു.
മരണവീട്ടിൽ പോലും പരേതന്റെ ജീവിതത്തെയും ആരോഗ്യശീലങ്ങളെയും വിചാരണ ചെയ്യുന്ന പ്രവണതയ്‌ക്കെതിരായ താരത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മരണവീട്ടിൽ പോലും വിമർശനം ; മരിച്ചുപോയവരുടെ ജീവിതശൈലിയെ കുറ്റപ്പെടുത്തുന്നവർക്കെതിരെ നടൻ സിദ്ദിഖ്
Advertisement
Advertisement
Advertisement