തിരുവല്ല : പബ്ലിക് സ്റ്റേഡിയത്തിന്റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിച്ച് പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയം സന്ദർശിച്ചതിനുശേഷം കായികപ്രേമികളുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അനുവദിച്ച 5 കോടി രൂപയും വിവിധ ഏജൻസികളിൽ നിന്നുള്ള അധിക ഫണ്ടും പ്രയോജനപ്പെടുത്തി ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവല്ല നഗരസഭ, കായിക വകുപ്പ് എന്നിവയുടെ സംയുക്ത യോഗം എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേരുമെന്നും മന്ത്രി അറിയിച്ചു.
തിരുവല്ലയിലെത്തിയ മന്ത്രിയെ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെയും നഗരസഭാ ചെയർപേഴ്സൺ എസ് ലേഖ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു വി. ഈപ്പൻ, വിവിധ കക്ഷി നേതാക്കളായ ജിജോ ചെറിയാൻ, ഷിബു പുതുക്കേരിൽ, അജി തമ്പാൻ, വിശാഖ് വെൺപാല, രതീഷ് പാലിയിൽ, രാജേഷ് മലയിൽ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നഗരസഭാ വൈസ് ചെയർമാൻ കെ.വി. വർഗീസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ജെനു മാത്യു, മുൻ ചെയർമാൻമാരായ ചെറിയാൻ പോളച്ചിറക്കൽ, വർഗീസ് ജോൺ, കോശി തോമസ്, ആർ. ജയകുമാർ എന്നിവർ സംസാരിച്ചു.
കായിക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. റെജിനോൾഡ് വർഗീസ്, സാജൻ മുക്കത്ത്, സാജൻ വർഗീസ്, അലക്സ് മാമ്മൻ, അനീഷ് ഇരവിപേരൂർ, ദിലീപ് കുന്നന്താനം, കുര്യൻ മുണ്ടിയപ്പള്ളി, ജോയ് പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.