breaking news New

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ വീടുകൾ കയറി പണപ്പിരിവ് ; അനധികൃത സംഘങ്ങൾക്കെതിരെ മലപ്പുറം പൊലീസിന്റെ നടപടി

മലപ്പുറം: ചികിത്സാ സഹായം, യതീംഖാനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവിധ ട്രസ്റ്റുകൾ എന്നിവയുടെ പേരിൽ വീടുകൾ കയറിയിറങ്ങി അനധികൃതമായി പണം പിരിക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി മലപ്പുറം പൊലീസ്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പിരിവുകൾ വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് സമഗ്ര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

ഗിന്നസ് റെക്കോർഡ് ജേതാവും പൊതുപ്രവർത്തകനുമായ പടവണ്ണ അബ്ദുൽ സലീം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പണം പിരിക്കാൻ വീടുകളിലെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ, സംഘടനകളുടെ ആധികാരികത, പിരിവിനുള്ള ഔദ്യോഗിക അനുമതി, ശേഖരിക്കുന്ന പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെയാണ് പല സംഘങ്ങളും പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രോഗികളുടെ ചികിത്സയ്ക്കും അടിയന്തര ആവശ്യങ്ങൾക്കുമെന്ന പേരിൽ പണം ചോദിച്ചെത്തുന്നവർ യഥാർഥത്തിൽ അംഗീകൃത സംഘടനകളുടെ പ്രതിനിധികളാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വ്യാജ സംഘടനകളുടെ പേരിൽ പണം തട്ടിയെടുക്കാനുള്ള സാധ്യതയും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലുള്ള പണപ്പിരിവുകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും വഴിവെച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

നവംബർ 19നാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ, കൊണ്ടോട്ടി, താനൂർ എന്നീ ആറ് പൊലീസ് സബ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

പണപ്പിരിവിനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡുകളും സംഘടനകളുടെ ഔദ്യോഗിക രേഖകളും പരിശോധിക്കും. ആവശ്യമായ അനുമതിയില്ലാതെ പണം ശേഖരിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് നിർദേശം.

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

വീടുകളിലെത്തി പണം ആവശ്യപ്പെടുന്നവരുടെ തിരിച്ചറിയൽ രേഖകളും സംഘടനയുടെ വിശ്വാസ്യതയും ഉറപ്പുവരുത്തിയശേഷം മാത്രമേ സഹായം നൽകാവൂ. സംശയാസ്പദമായ പണപ്പിരിവുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലുള്ള വ്യാജ പണപ്പിരിവുകൾ തടയുന്നതിനും യഥാർഥത്തിൽ സഹായം അർഹിക്കുന്നവരിലേക്ക് സംഭാവനകൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4