breaking news New

ചേരാനല്ലൂർ വാഹനാപകടം : മുൻപും കാറും ബൈക്കും ഓടിച്ചെന്ന് 17കാരന്റെ മൊഴി ; സ്കൂളിൽ പോയതും ബൈക്കിൽ, നിർണായക റിപ്പോർട്ട് നാളെ കോടതിയിൽ

എറണാകുളം: ചേരാനല്ലൂർ വാഹനാപകട കേസിൽ അന്വേഷണസംഘത്തിന് നിർണായക മൊഴി നൽകി 17കാരൻ. മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും പതിനേഴുകാരൻ പൊലീസിനോട് സമ്മതിച്ചു. കേസിൽ നിർണായകമായ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് അന്വേഷണസംഘം നാളെ കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ ദിവസമാണ് 17കാരന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴിയെടുക്കാൻ പൊലീസ് കോടതിയുടെ പ്രത്യേക അനുമതി നേടിയിരുന്നു. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തത്.

അതേസമയം, 17കാരന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ ഹൈക്കോടതി സർക്കാരിനും പതിനേഴുകാരനും നോട്ടീസ് അയച്ചു.

17കാരന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഗുരുതരമായ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ വാദം. കുട്ടിയുടെ പിതാവിന് ഉന്നത സ്വാധീനമുണ്ടെന്നും അതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിന് പിന്നിൽ കേവലം അശ്രദ്ധ മാത്രമല്ലെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത സമീപനമാണ് ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. ഇതേ പതിനേഴുകാരൻ മുൻപും അശ്രദ്ധമായി വാഹനം ഓടിച്ചിട്ടുണ്ടെന്ന കാര്യവും ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിന് അനുകൂലമായ വാദമായി ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4